ബെംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്‍റെ സോഫ്റ്റ്ലാൻഡിംഗ് ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ചന്ദ്രയാൻ മൂന്ന് പദ്ധതിയുമായി ഇസ്രൊ. 2020 നവംബറിനുള്ളിൽ ചന്ദ്രയാൻ മൂന്ന് വിക്ഷേപിക്കാൻ ഇസ്രൊ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ഐഎസ്ആർഒ മൂന്ന് സബ് കമ്മിറ്റികൾക്ക് രൂപം നൽകിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ ദൗത്യത്തിൽ ലാൻഡറും റോവറും മാത്രമാണ് ഉണ്ടാകുകയെന്നാണ് സൂചന. 

ചൊവ്വാഴ്ച ചേർന്ന ഓവർവ്യു കമ്മിറ്റി ചന്ദ്രയാൻ മൂന്നിന്‍റെ ടെക്നിക്കൽ കോൺഫിഗറേഷൻ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുത്തെന്നാണ് റിപ്പോർട്ട്. എന്നാൽ ഇസ്രൊയുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ വന്നിട്ടില്ല. 

ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന് എന്ത് പറ്റിയെന്ന കാര്യത്തിലും ഇത് വരെ ഇസ്രൊയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. പരാജയ പഠന സമിതി റിപ്പോർട്ടിനെക്കുറിച്ചും ഇത് വരെ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമാണ്.