മുബൈ: ആദിത്യ താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നത് ഉറപ്പാണെന്ന് ശിവസേനാ നേതാവും എംപിയുമായ സ‍ഞ്ജയ് റൗട്ട്. ചന്ദ്രയാന്‍ 2-ന് ചന്ദ്രനിലെത്താന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ ആദിത്യ താക്കറെ മുഖ്യമന്ത്രി പദത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും റൗട്ട് പറഞ്ഞു. 

ആദിത്യ താക്കറെയെ സൂര്യനെന്ന് വിശേഷിപ്പിച്ചായിരുന്നു സഞ്ജയ് റൗട്ടിന്‍റെ പരാമര്‍ശം. 'ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ചന്ദ്രയാന്‍ 2 ന് ചന്ദ്രനില്‍ ഇറങ്ങാന്‍ സാധിച്ചില്ല. എന്നാല്‍ ഈ സൂര്യന്‍(ആദിത്യ താക്കറെ) ഒക്ടോബര്‍ 21 ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തും'- ശിവസേനാ എംപി വ്യക്തമാക്കി. 

ചരിത്രത്തിലാദ്യമായാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് താക്കറെ കുടുംബാംഗം പ്രവേശിക്കുന്നത്. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെയാണ് ഇക്കുറി ശിവസേന രംഗത്തിറക്കിയത്. തുറുപ്പ് ചീട്ടായ ആദിത്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ് ശിവസേന വിശേഷിപ്പിക്കുന്നത്. ബിജെപി-ശിവസേന സഖ്യം സീറ്റ് ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ മകന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. സിറ്റിംഗ് എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കാന്‍ ശിവസേന തീരുമാനിച്ചിട്ടുണ്ട്. ആദിത്യ താക്കറെയുടെ സ്ഥാര്‍ത്ഥി പ്രഖ്യാപനത്തോടെയാണ് ശിവസേനയുടെ തെരഞ്ഞെടുപ്പ് തുടക്കം. മുംബൈ വര്‍ളിയില്‍നിന്നാണ് ആദിത്യ തുടക്കമിടുന്നത്. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നെങ്കിലും താക്കറെ കുടുംബത്തില്‍ നിന്ന് ആരും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടായിരുന്നില്ല.

 മുൻ മുഖ്യമന്ത്രി അശോക് ചവാൻ, പിസിസി അധ്യക്ഷൻ ബാലാസാഹിബ് തൊറാട്ട്, പ്രതിപക്ഷ നേതാവ്  നാംദേവ്റാവു വഡട്ടിവർ എന്നിവർ ഉള്‍പ്പെടുന്നതാണ് കോൺഗ്രസിന്‍റെ 51 അംഗ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക. അടുത്തമാസം 21 ന് വോട്ടെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ എൻസിപിയുമായി സഖ്യം ചേർന്നാണ് കോൺഗ്രസ് മത്സരിക്കുന്നത്.