സംഭവത്തെ തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്യാതെ റണ്‍വേയിൽ നിന്ന് തിരിച്ച് പാര്‍ക്കിങിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് രണ്ടു യാത്രക്കാരെയും സിഐഎസ്എഫിന് കൈമാറി

ദില്ലി: വിമാനം റണ്‍വേയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ രണ്ട് യാത്രക്കാര്‍ കോക്ക്പിറ്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച ദില്ലി വിമാനത്താവളത്തിൽ നിന്ന് മുബൈയിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റിന്‍റെ എസ് ജി 9282 നമ്പര്‍ വിമാനത്തിലാണ് അസാധാരണ സംഭവം അരങ്ങേറിയത്. 

സംഭവത്തെ തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്യാതെ റണ്‍വേയിൽ നിന്ന് തിരിച്ച് പാര്‍ക്കിങിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് രണ്ടു യാത്രക്കാരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കി സിഐഎസ്എഫിന് കൈമാറുകയായിരുന്നു. ഇതിനുശേഷമാണ് വിമാന യാത്ര തുടര്‍ന്നത്.

കൃത്യസമയത്ത് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഇതുമൂലം ഏറെ വൈകിയാണ് പുറപ്പെട്ടത്. സംഭവം മറ്റു യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയുമടക്കം മുള്‍മുനയിലാക്കി. ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ആറു മണിക്കൂറിലധികം കഴിഞ്ഞാണ് പുറപ്പെട്ടത്. വിമാനം ടേക്ക് ഓഫ് ചെയ്യാനായി റണ്‍വേയിലേക്ക് കയറുന്നതിനിടെയാണ് സംഭവം. 

ക്യാബിൻ ക്രൂ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും രണ്ട് യാത്രക്കാര്‍ സീറ്റിലേക്ക് തിരിച്ചുപോകാൻ തയ്യാറായില്ല. വിമാനത്തിന്‍റെ ക്യാപ്റ്റനടക്കം ഇടപെട്ടെങ്കിലും കോക്ക്പിറ്റിലേക്ക് അതിക്രമിച്ച് കയറാനുള്ള ശ്രമം തുടര്‍ന്നു. ഇതോടെയാണ് വിമാനം തിരിച്ച് പാര്‍ക്കിങിലേക്ക് എത്തിച്ചത്. ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം സംഭവത്തെ തുടര്‍ന്ന് രാത്രി 7.21നാണ് പുറപ്പെട്ടതെന്നാണ് ട്രാക്കിങ് വെബ്സൈറ്റിൽ നിന്നുള്ള വിവരം.