2025ലെ ചാർ ധാം യാത്രയുമായി ബന്ധപ്പെട്ട് ഇതിനോടകമുണ്ടായ ഹെലികോപ്ടർ അപകടങ്ങളിൽ 12 പേർക്കാണ് ജീവൻ നഷ്ടമായത്
ഗൗരികുണ്ഡ്: ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ 7 പേർ കൊല്ലപ്പെട്ടു. കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന യാത്ര ആരംഭിച്ചതിന് ശേഷം ഈ വർഷം ഉണ്ടാവുന്ന അഞ്ചാമത്തെ അപകടമാണ് ഞായറാഴ്ചയുണ്ടായത്. ശ്രീ കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്.
ഗുപ്തകാശിയിലെ ആര്യൻ ഏവിയേഷന്റെ ഹെലികോപ്ടറാണ് ഗൗരികുണ്ഡിന് സമീപം ഞായറാഴ്ച തകർന്നത്. 2025ലെ ചാർ ധാം യാത്രയുമായി ബന്ധപ്പെട്ട് ഇതിനോടകമുണ്ടായ ഹെലികോപ്ടർ അപകടങ്ങളിൽ 12 പേർക്കാണ് ജീവൻ നഷ്ടമായതെന്നാണ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. മെയ് 8നാണ് ആദ്യ അപകടമുണ്ടായത്. അന്ന് അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്. ഗംഗാനാനിക്ക് സമീപമാണ് മെയ് 8ന് 6 യാത്രക്കാരുമായി പോയ ഹെലികോപ്ടർ തകന്ന് വീണത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. മെയ് 12നാണ് രണ്ടാമത്തെ അപകടമുണ്ടായത്. ബദ്രിനാഥ് ഹെലിപാഡിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ച ഹെലികോപ്ടറിന്റെ ബ്ലെയ്ഡുകൾ സമീപത്ത് പാർക്ക് ചെയ്ത വാഹനങ്ങളിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. ഇതിൽ ആർക്കും ജീവഹാനി നേരിട്ടിരുന്നില്ല.
മെയ് 17ന് കേദാർനാഥിന് സമീപം എയർ ആംബുലൻസ് തകർന്നിരുന്നു. കേദാർനാഥ് യാത്രയ്ക്കിടെ അവശനിലയിലായ തീർത്ഥാടകയെ റിഷികേശിലെ എയിംസിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമുണ്ടായത്. ജൂൺ 7ന് സാങ്കേതിക തകരാറ് നേരിട്ട ഹെലികോപ്ടർ രുദ്രപ്രയാഗ് ജില്ലയിൽ ദേശീയ പാതയിൽ ഇറങ്ങുകയായിരുന്നു. ഹെലികോപ്ടറിലുണ്ടായിരുന്ന പൈലറ്റിന് അപകടത്തിൽ സാരമായ പരിക്കേറ്റിരുന്നു.

