ദില്ലി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ദില്ലി പൊലീസ്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഗവേഷക വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം ആണ് സംഭവത്തിന്‍റെ മുഖ്യ സൂത്രധാരനെന്നാണ് കുറ്റപത്രം പറയുന്നത്. സംഘര്‍ഷത്തിന്‍റെ സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പും ഫോണ്‍ രേഖകളും പൊലീസ് കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ദില്ലിയിലെ ജാമിയ മിലിയ സര്‍വകലാശാലയില്‍ ഡിസംബര്‍ 15 ന് ഉണ്ടായ സംഘര്‍ഷത്തിന്‍റ കുറ്റപത്രമാണ് ദില്ലി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. നേരത്തെ വിവാദ പരാമര്‍ശം നടത്തിയ ഗവേഷക വിദ്യാര്‍ഥി കൂടിയായ ഷര്‍ജീല്‍ ഇമാമിന്‍റെ പേര് മാത്രമാണ് കുറ്റപത്രത്തിലുള്ളത്. ജാമിയയിലെ മറ്റ് വിദ്യാര്‍ഥികളുടെ പേരുകള്‍ കുറ്റപത്രത്തിലില്ല. ഷര്‍ജീല്‍ ഇമാം ആണ് സംഭവത്തിന്‍റെ മുഖ്യ ആസൂത്രകനെന്നാണ് കുറ്റപത്രത്തില്‍ ദില്ലി പൊലീസ് പറയുന്നത്. 

പൗരത്വ നിമയഭേഗതിക്കെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം വലിയ അക്രമത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് കുറ്റപത്രം. നാല് സര്‍ക്കാര്‍ ബസുകളും രണ്ട് പൊലീസ് വാഹനങ്ങളും സമരക്കാര്‍ കത്തിച്ചു. ജാമിയയുടെ തൊട്ടടുത്തുള്ള ന്യൂ ഫ്രണ്ട്സ് കോളനിക്ക് മുന്നില്‍ വെച്ച് സമരക്കാര്‍‍ പൊലീസുമായി ഏറ്റുമുട്ടി. 1500 ഓളം വരുന്ന പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ടിയര്‍ ഗ്യാസും ലാത്തിയും പ്രയോഗിച്ചു. ഇവിടെ നിന്ന് ചിതറിയോടിയ സമരക്കാരാണ് ജാമിയ ജാമിയ സര്‍വകലാശാലയ്ക്കകത്ത് അഭയം തേടിയതെന്നും കുറ്റപത്രത്തിലുണ്ട്. 

സംഘര്‍ഷത്തിന്‍റെ  സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിളി വിശദാംശങ്ങളും 100 ദൃക്സാക്ഷികളുടെ മൊഴികളും അടങ്ങിയതാണ് കുറ്റപത്രം. ഗവേഷക വിദ്യാര്‍ഥിയായ ഷെര്‍ജീല്‍ ഇമാമിനെ വിവാദ പ്രസംഗത്തിന്‍റെ പേരില്‍ രാജ്യദ്രോഹം കുറ്റം ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്.