ബന്ദിപ്പൂര്‍ മേഖലയില്‍ അനുയോജ്യം എലിവേറ്റഡ് റോഡ്; പ്രകാശ് ജാവേദ്ക്കര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്
കേരളത്തിന്‍റെ നിര്‍ദ്ദേശം കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയത്തിന് സ്വീകാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എലിവേറ്റഡ് റോഡിന് വരുന്ന ചെലവിന്‍റെ പകുതി വഹിക്കാന്‍ കേരളം സന്നദ്ധവുമാണ്.
തിരുവനന്തപുരം: ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് വഴി കടന്നുപോകുന്ന വയനാട്-മൈസൂര്‍ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം ഒഴിവാക്കുന്നതിന് ഈ ഭാഗത്ത് എലിവേറ്റഡ് റോഡ് നിര്‍മിക്കുന്ന കാര്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി പ്രകാശ് ജാവേദ്കര്‍ക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്.
കേരളത്തിന്‍റെ നിര്‍ദ്ദേശം കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയത്തിന് സ്വീകാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എലിവേറ്റഡ് റോഡിന് വരുന്ന ചെലവിന്‍റെ പകുതി വഹിക്കാന്‍ കേരളം സന്നദ്ധവുമാണ്. കോഴിക്കോട്- മൈസൂര്‍-കൊല്ലെംഗല്‍ ദേശീയപാതയില്‍ (എന്‍എച്ച് 766) രാത്രി 9 മുതല്‍ രാവിലെ 6 വരെ വാഹന ഗതാഗതം നിരോധിച്ചിരിക്കയാണ്. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതം ഈ റൂട്ടില്‍ വരുന്നതുകൊണ്ടാണിത്. ഇതുസംബന്ധിച്ച് സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്.
ഈ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരിസ്ഥിതി-വനം മന്ത്രാലയത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എലിവേറ്റഡ് റോഡ് എന്ന കേരളത്തിന്‍റെ നിര്‍ദ്ദേശം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമല്‍വര്‍ധന്‍ റാവു കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുമായും കര്‍ണ്ണാടക ചീഫ് സെക്രട്ടറിയുമായും അടുത്ത ദിവസം ചര്‍ച്ച നടത്തിയിരുന്നു.