ചെന്നൈ: ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് ഇന്ന് ചെന്നൈയിലെത്തും. ഇരുനേതാക്കളുടേയും കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയമാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അതേസമയം ടിബറ്റന്‍  ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ഉച്ചകോടി നടക്കുന്ന മഹാബലിപുരം.

ഇന്ത്യയുമായുള്ള ഭിന്നതകൾ മാറ്റി വച്ച് സൗഹൃദത്തോടെ മുന്നേറാൻ ശ്രമിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ചൈന വ്യക്തമാക്കി. ചെന്നൈ സന്ദർശനം വൻ വിജയമാകുമെന്നും പരസ്പര ബന്ധത്തിൽ നിർണ്ണായക പുരോഗതിയുണ്ടാകുമെന്നും ചൈനീസ് വിദേശകാര്യ ഉപമന്ത്രി ലു ഷായി പറഞ്ഞു. വിമാനത്താവളത്തിൽ ഷിജിൻപിങിന് വൻ വരവേല്‍പ്പായിരിക്കും നല്‍കുക. നാളെയാവും ഇരു നേതാക്കളും ഒറ്റയ്ക്കൊറ്റയ്ക്ക് ചർച്ച നടത്തുക. വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും ചെന്നൈയിലെ ചർച്ചകളിൽ പങ്കുചേരും.

കശ്മീര്‍ വിഷയത്തില്‍ ചൈന വീണ്ടും നിലപാട് മാറ്റിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഇരുനേതാക്കളുടേയും കൂടിക്കാഴ്ച. യുഎന്‍ രക്ഷാസമിതിയില്‍ പാക് അനുകൂല നിലപാട് സ്വീകരിച്ച ചൈന, പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. എന്നാല്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഷീ ജിന്‍പിങ് ഇറക്കിയ പത്രക്കുറിപ്പില്‍ ചൈന വീണ്ടും നിലപാട് മാറ്റി. 

കശ്മീര്‍ ആഭ്യന്തര പ്രശ്നമെന്നും, വിഷയം ഷീ ജിന്‍പിങ് ഉന്നയിച്ചാല്‍ മാത്രം വിശദീകരണം നല്‍കാമെന്ന നിലപാടിലാണ് ഇന്ത്യ. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് ചര്‍ച്ചയിലെ പ്രധാന അജണ്ഡ. ലഡാക്കിന് കേന്ദ്രഭരണപ്രദേശ പദവി നല്‍കാനുള്ള തീരുമാനം ചൈന ഉന്നയിക്കാനുള്ള സാധ്യതയുണ്ട്. 

ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചെന്നൈയിലെത്തുന്ന ചൈനീസ് പ്രസിഡന്‍റിനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ തയാറാക്കിയിട്ടുണ്ട്.   സൗഹൃദ സംഭാഷണത്തിന് ശേഷം ഇരുനേതാക്കളും മഹാബലിപുരത്തെ പൈതൃക സ്മാരകങ്ങളും  സന്ദര്‍ശിക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തെന്‍സില്‍ സുനന്ത്യു അടക്കം 42 ടിബറ്റല്‍ സ്വദേശികള്‍ കരുതല്‍ കസ്റ്റഡിയിലാണ്. അര്‍ധസൈനിക വിഭാഗത്തിന് പുറമേ 500 ലധികം പൊലീസുകാരെയാണ് മബാബലിപുരത്ത് വിന്യസിച്ചിരിക്കുന്നത്.