ടിവിയിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുമായി ആകെ 2300 കോടി മിനിറ്റുകൾ(വാച്ച് ടൈം) ആളുകൾ ഈ മത്സരം കണ്ടു.
മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ സകല ഡിജിറ്റൽ റെക്കോർഡുകളും തകർത്തെറിഞ്ഞ് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം. ഡിജിറ്റൽ കാഴ്ചക്കാരുടെ എണ്ണത്തിൽ പുതിയ ചരിത്രമാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം കുറിച്ചത്.
സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒരേസമയം 6.52 കോടി ആളുകളാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം തത്സമയം കണ്ടത്. ഒരു ലൈവ് ഇവന്റിന് ലോകത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന കൺകറന്റ് വ്യൂവർഷിപ്പ് എന്ന ലോക റെക്കോർഡ് ഇതോടെ ഈ മത്സരത്തിന് സ്വന്തമായി. ജിയോ ഹോട്ട്സ്റ്റാറിൽ മാത്രം ആകെ 61.9 കോടി കാഴ്ചക്കാരാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് ലഭിച്ചത്. 2024 ടി20 ലോകകപ്പ് ഫൈനലിന് ലഭിച്ച 53.3 കോടി കാഴ്ച്ചകാരുടെ റെക്കോർഡാണ് ഇതോടെ വഴിമാറിയത്.
ടിവിയിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുമായി ആകെ 2300 കോടി മിനിറ്റുകൾ(വാച്ച് ടൈം) ആളുകൾ ഈ മത്സരം കണ്ടു. ലോകത്ത് ഏറ്റവും കൂടുതൽ പേർ കണ്ട രാജ്യാന്തര ടി20 മത്സരമെന്ന റെക്കോര്‍ഡ് ഇതോടെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് സ്വന്തമായി. ടെലിവിഷനിലും ഡിജിറ്റലിലുമായി ആകെ 32 കോടിയിലധികം പേരാണ് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം കണ്ടത്. രണ്ട് ഇന്നിംഗ്സുകളിലുമായി പിറന്ന 499 റൺസ് പിറന്ന മത്സരംആരാധകരെ ആവേശക്കൊടുമുടിയില്‍ എത്തിച്ചിരുന്നു.
ക്രിക്കറ്റ് ആരാധകരുടെ പ്രതികരണത്തെ ഐസിസി ചെയർമാൻ ജയ് ഷാ അഭിനന്ദിച്ചു. ദശലക്ഷക്കണക്കിന് ആരാധകർ ഒത്തുചേർന്ന് ക്രിക്കറ്റ് ആഘോഷിക്കുന്നത് കാണുന്നത് ഏറെ സന്തോഷകരമാണ്. ഈ റെക്കോർഡ് നമ്പറുകൾ ആരാധകരുടെ ആവേശത്തെ മാത്രമല്ല, ക്രിക്കറ്റ് എത്രത്തോളം ജനങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നു എന്നതിനെയും സൂചിപ്പിക്കുന്നുവെന്ന് ജയ് ഷാ പറഞ്ഞു. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ മത്സരത്തിൽ ഈ റെക്കോർഡുകളെല്ലാം വീണ്ടും തകരുമെന്ന പ്രതീക്ഷയിലാണ് കായിക ലോകം.
