ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കോയമ്പേട് മാർക്കറ്റിൽ എത്തിയവർ വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കേരളത്തിലേക്ക് ഉൾപ്പടെ  മടങ്ങിയവരെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. രോഗവ്യാപനത്തിന്‍റെ കേന്ദ്രമായ കോയമ്പേടിൽ വന്നു പോയവരെ മൊബൈൽ കേന്ദ്രീകരിച്ച് കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. കച്ചവടക്കാർ, ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ പതിനായിരത്തിലധികം പേരെയാണ് ഇത്തരത്തില്‍ കണ്ടെത്തേണ്ടതുള്ളത്. ഇടുക്കി, പാലക്കാട്, മലബാർ മേഖലയിലേക്കും പൊള്ളാച്ചി, മേട്ടുപാളയം എന്നിവിടങ്ങളിലേക്കും മടങ്ങിയ ലോറി ഡ്രൈവർമാരും ഇവരിലുൾപ്പെടുന്നു. 

കൊച്ചി തുറമുഖത്തെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കും: മുഖ്യമന്ത്രി

ചെന്നൈയിലെ പഴം, പച്ചക്കറി ചില്ലറ വിൽപ്പനക്കാർക്കും രോഗം സ്ഥിരീകരിച്ചു. കല്യാണമണ്ഡപങ്ങൾ, സ്കൂൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവ ഏറ്റെടുത്ത് ഐസൊലേഷൻ വാർഡുകൾ സജീകരിച്ചു. സമൂഹ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ രോഗലക്ഷണം ഉള്ള കൊവിഡ് ബാധിതരെ മാത്രമേ ആശുപത്രിയിൽ ചികിത്സിക്കൂ. രോഗലക്ഷണം ഇല്ലാത്ത രോഗികൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. രോഗബാധിതർ ഇരട്ടിക്കുന്ന സാഹചര്യത്തിലാണ്  സർക്കാരിന്‍റെ തീരുമാനം. അതേസമയം അവശ്യസാധനങ്ങൾ കിട്ടാനില്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. വ്യാഴാഴ്ച മുതൽ റെഡ് സോണിൽ ഉൾപ്പടെ മദ്യവിൽപന ശാലകൾ തുറക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും പ്രതിപക്ഷത്തിന്‍റെ എതിർപ്പ് ശക്തമായതോടെ പിൻവലിച്ചു.