ചെന്നൈ: നഗരത്തിലെ പ്രധാന സർക്കാർ ആശുപത്രികളിലൊന്നായ സ്റ്റാൻലി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രി വാര്‍ഡില്‍ ഉപേക്ഷിച്ചു. മുപ്പതോളം രോഗികളുള്ള വാര്‍ഡിലാണ് സുരക്ഷാ മുന്‍കരുതല്‍ പോലും പാലിക്കാതെ മൃതദേഹം ഉപേക്ഷിച്ചത്. സംഭവത്തില്‍ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.

ചെന്നൈ സ്റ്റാന്‍ലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഞെട്ടിക്കുന്ന, വേദനിപ്പിക്കുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. മുപ്പതിലധികം രോഗികളുള്ള വാര്‍ഡിലാണ് എട്ട് മണിക്കൂറിലധികം മൃതദേഹം ഉപേക്ഷിച്ചത്. 

തിങ്കളാഴ്ച രാവിലെ 8 മണിക്കാണ് ചെന്നൈ സ്വദേശിയായ 54-കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. പ്രോട്ടോക്കാള്‍ പാലിച്ച് മൃതദേഹം വാര്‍ഡില്‍ നിന്ന് മാറ്റാനെടുത്തത് എട്ട് മണിക്കൂറിലധികം സമയം.

dead body lying next to patient in stanley hospital
 
രോഗബാധ തടയാന്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ മൃതദേഹം കറുത്ത പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് രോഗികള്‍ക്കിടയില്‍ തന്നെ ഉപേക്ഷിച്ച് ജീവനക്കാര്‍ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവിനായി കാത്തിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ഉത്തരവെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം. 

സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടയില്‍ വാര്‍ഡിലെ രോഗികളിലൊരാള്‍ പകര്‍ത്തിയ ചിത്രമാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നുവെന്നുമാണ് വാദം. ആശുപത്രിയിലെ ഡോക്ടർമാർ നൽകിയ വിശദീകരണം ഇങ്ങനെ: ''രോഗി രാവിലെ എട്ട് മണിക്കാണ് മരിച്ചത്. രാവിലെ 10 മണിക്ക് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അതിന് മുമ്പ് കൃത്യമായ ക്രമീകരണങ്ങൾ ഒരുക്കേണ്ടിയിരുന്നു. ഇതിനായി അസിസ്റ്റന്‍റ് റസിഡന്‍റ് മെഡിക്കൽ ഓഫീസർ ഷിഫ്റ്റിംഗ് ഫോം ഒപ്പിട്ട് നൽകണം. അതിന് ശേഷം കോർപ്പറേഷൻ ഉദ്യോഗസ്ഥരെ അറിയിക്കണം. ഇതനുസരിച്ച് വൈകിട്ട് അഞ്ചരയോടെ രോഗിയുടെ മൃതദേഹം സംസ്കരിച്ചു''.

രോഗിയുടെ മൃതദേഹവും മറ്റുള്ളവരും തമ്മിൽ ഒരു സ്ക്രീൻ വച്ച് വേർതിരിച്ചിരുന്നുവെന്നാണ് ഡോക്ടർമാർ അവകാശപ്പെടുന്നതെങ്കിലും അതൊന്നും ചിത്രത്തിൽ കാണാനില്ല. സ്ക്രീൻ മാറ്റി മോർച്ചറിയിലേക്ക് മാറ്റുന്ന സമയത്ത് എടുത്ത ചിത്രമായിരിക്കാമെന്നാണ് ഇതിനുള്ള മറുപടി. 

വാർഡിലുള്ളവർ തന്നെ രണ്ട് മണിക്കൂറിനകം രോഗിയെ മോർച്ചറിയിലേക്ക് മാറ്റിയെന്ന ഡോക്ടർമാരുടെ വിശദീകരണം തള്ളിക്കളയുകയാണ്. ആശുപത്രി അധികൃതരില്‍ നിന്ന് റിപ്പോർട്ട് തേടിയതായി ആരോഗ്യവകുപ്പും വ്യക്തമാക്കുന്നു. സംഭവത്തിൽ വിദഗ്ധ സമിതിയും പരിശോധന തുടങ്ങിയിട്ടുണ്ട്.