ഡിഎംകെയ്ക്ക് ആകെ കിട്ടിയ 656.5 കോടിയിൽ 509 കോടിയും സാന്‍റിയാഗോ മാർട്ടിന്‍റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനിയാണ് നൽകിയത്

ദില്ലി: ഡിഎംകെയ്ക്ക് ഇലക്ടറൽ ബോണ്ടിലൂടെ കിട്ടിയ സംഭാവനയിൽ 80 ശതമാനവും നൽകിയത് സാന്‍റിയാഗോ മാർട്ടിൻ. ഡിഎംകെയ്ക്ക് ആകെ കിട്ടിയ 656.5 കോടിയിൽ 509 കോടിയും മാർട്ടിന്‍റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനിയാണ് നൽകിയത്. 2020നും 2023നും ഇടയിലെ ബോണ്ടുകളുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. മാർട്ടിൻ ആകെ വാങ്ങിയ 1368 കോടിയുടെ ഇലക്ടൽ ബോണ്ടിൽ 37 ശതമാനമാണ് ഡിഎംകെയുടെ അക്കൌണ്ടിലെത്തിയത്. 

മേഘ ഇൻഫ്രാസ്ട്രക്ചർ, ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ്, സൺ ടിവി, രാംകോ സിമന്‍റ്സ് , അപ്പോളോ ഹോസ്പിറ്റൽസ് എന്നിവരും ഡിഎംകെയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്. തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെയ്ക്ക് ആകെ ലഭിച്ച 6 കോടിയിൽ അഞ്ച് കോടിയും നൽകിയത് ചെന്നൈ സൂപ്പർ കിങ്സാണ്. 

2017- 18 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് കിട്ടിയത് 500 ബോണ്ടുകളാണ്. 500 ബോണ്ടുകളിലൂടെ 210 കോടി കിട്ടി. അതേസമയം 2019ലെ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിക്ക് കിട്ടിയത് 1450 കോടിയുടെ ബോണ്ടാണ്. ഇതേ കാലയളവിൽ കോണ്‍ഗ്രസിന് കിട്ടിയത് 383 കോടിയാണ്. 
തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. സുപ്രീംകോടതിയിൽ മുദ്രവെച്ച കവറിൽ നൽകിയ വിവരങ്ങളാണ് പുറത്തുവിട്ടത്. 

ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. കൂടുതൽ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളുടെ പട്ടികയിൽ മൂന്നും അന്വേഷണം നേരിടുന്നതിൻറെ തെളിവുകൾ നേരത്തെ വന്നിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന നിരവധി നിർമ്മാണ കമ്പനികളും ബോണ്ടുകൾ വാങ്ങി. പതിനൊന്ന് നിർമ്മാണ കമ്പനികൾ ചേർന്ന് വാങ്ങിയത് 506 കോടിയുടെ ബോണ്ടാണ്. ഇതിൽ ചെന്നൈ ഗ്രീൻ വുഡ്സ്, വൈഎസ്ആർ കോൺഗ്രസ് എംപി അയോധ്യ രാമി റെഡ്ഡിയുമായി ബന്ധമുള്ള മധ്യപ്രദേശ് വേസ്റ്റ് മാനേജ്മെൻറ് എന്നീ സ്ഥാപനങ്ങൾ ചേർന്ന് വാങ്ങിയത് 111 കോടിയുടെ ബോണ്ടാണ്.

ആദായ നികുതി വകുപ്പ് റെയ്ഡ് കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളിലായിരുന്നു രണ്ടു കമ്പനികളുടെയും നീക്കം. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം 115 കോടിയുടെ ബോണ്ട് വാങ്ങിയത് 2022 ഒക്ടോബറിലാണ്. സിബിഐ ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം തുടങ്ങിയത് 2022 ജൂലൈയിലാണെന്നും രേഖകൾ വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം