ട്വന്‍റി20 സ്ഥാനാർഥികൾക്കെതിരെ എല്ലായിടത്തും അപരന്മാരെ നിർത്തി. മദ്യവും പണവും ഒഴുക്കിയാണ് രണ്ട് പഞ്ചായത്തുകൾ ഐക്യ മുന്നണി പിടിച്ചതെന്നും ട്വന്‍റി20 ആരോപിച്ചു.

കൊച്ചി: കുന്നത്തുനാട്ടിൽ എൽഡിഎഫും യുഡിഎഫും ട്വന്‍റി 20ക്കെതിരെ ഒന്നിച്ചെന്ന് ട്വന്‍റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്ബ്. ട്വന്‍റി20 സ്ഥാനാർഥികൾക്കെതിരെ എല്ലായിടത്തും അപരന്മാരെ നിർത്തി. രണ്ട് പഞ്ചായത്തുകൾ നഷ്ടമാകാൻ കാരണം ഈ മുന്നണിയാണ്. പുതുതായി മത്സരിച്ച സ്ഥലങ്ങളിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. ജനവിധി സന്തോഷത്തോടെ ഏറ്റെടുക്കുന്നു. നാട്ടിൽ വികസനം ഉണ്ടാക്കുക മാത്രമാണ് ലക്ഷ്യം. മദ്യവും പണവും ഒഴുക്കിയാണ് രണ്ട് പഞ്ചായത്തുകൾ ഐക്യ മുന്നണി പിടിച്ചത്. മദ്യവും പണവും കൊടുത്താൽ എവിടെയും ജയിക്കാൻ കഴിയുമെന്ന സ്ഥിതിയാണ്. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് വിലയ്ക്കെടുത്തെന്നും സാബു എം ജേക്കബ് പറഞ്ഞു.

കുന്നത്തുനാടും മഴുവന്നൂരും ട്വന്‍റി20ൽ നിന്ന് തിരിച്ചുപിടിച്ചിരിക്കുകയാണ് യുഡിഎഫ്. അതേസമയം ഐക്കരനാടും കിഴക്കമ്പലവും ട്വന്‍റി20 നിലനിർത്തി. ഇടത് കോട്ടയായ തിരുവാണിയൂർ പഞ്ചായത്ത്‌ പിടിച്ചെടുക്കുകയും ചെയ്തു. ഐക്കരനാട് പഞ്ചായത്തിൽ മുഴുവൻ സീറ്റിലും ട്വന്റി 20 വിജയിച്ചു. ട്വന്റി 20 ഭരിച്ചിരുന്ന ഏക ബ്ലോക്ക് പഞ്ചായത്തായ വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ട്വന്റി 20 പിന്നിൽ പോയി. യുഡിഎഫും എൽഡിഎഫും അഞ്ചു ഡിവിഷനിൽ വീതം ജയിച്ചപ്പോൾ ട്വന്‍റി20യുടെ ജയം നാലിടത്തായി ചുരുങ്ങി.

കുന്നത്തുനാട്ടിൽ പ്രചാരണ സമയത്ത് പലപ്പോഴും സംഘർഷമുണ്ടായി. ട്വന്‍റി20ക്കെതിരെ എൽഡിഎഫ്-യുഡിഎഫ് സഖ്യമാണെന്നും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പോലും മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും സാബു എം ജേക്കബ് വോട്ടെടുപ്പ് ദിനത്തിൽ ആരോപിച്ചിരുന്നു. സാബു എം ജേക്കബ് വോട്ട് ചെയ്ത് ഇറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന സമയത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകരെത്തി മാധ്യമ പ്രവർത്തകരെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസെടുത്തിരുന്നു.

YouTube video player