ഛത്തീസ്ഗഡിൽ ഭരണവിരുദ്ധ വികാരമില്ലെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ്; മോദി എഫക്ടില്‍ പ്രതീക്ഷയുമായി ബിജെപി
51 സീറ്റുകൾ വരെ നേടി കോൺഗ്രസ് ഭരണം തുടരുമെന്നാണ് ഇതുവരെ പുറത്തുവന്ന പ്രവചനങ്ങൾ. കോൺഗ്രസിനകത്തെ ഭിന്നതയിലും പ്രധാനമന്ത്രി നയിക്കുന്ന പ്രചാരണത്തിലുമാണ് ബിജെപിയുടെ പ്രതീക്ഷ.

ദില്ലി: ഭരണവിരുദ്ധ വികാരമില്ലെന്ന വിലയിരുത്തലിൽ വിജയ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ഛത്തീസ്ഗഡിൽ കോൺഗ്രസ്. 51 സീറ്റുകൾ വരെ നേടി ഭരണം തുടരുമെന്നാണ് ഇതുവരെ പുറത്തുവന്ന പ്രവചനങ്ങൾ. കോൺഗ്രസിനകത്തെ ഭിന്നതയിലും പ്രധാനമന്ത്രി നയിക്കുന്ന പ്രചാരണത്തിലുമാണ് ബിജെപിയുടെ പ്രതീക്ഷ.
കഴിഞ്ഞ അഞ്ച് കൊല്ലവും സ്ഥിരതയുള്ള സർക്കാർ നിലനിറുത്താൻ കോൺഗ്രസിന് കഴിഞ്ഞ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഭൂപേഷ് ഭാഗേലിനെ തന്നെ മുന്നിൽ നിർത്തിയാണ് ഇത്തവണയും കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ പുറത്തുവന്ന പ്രവചനങ്ങളിലും കോൺഗ്രസാണ് മുന്നിൽ. നെൽകർഷകരുടെയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാരുടെയും വോട്ടുകൾ നിർണായകമായ സംസ്ഥാനത്ത് നടപ്പാക്കിയ പദ്ധതികൾ തുണക്കുമെന്നാണ് ഭാഗേലിന്റെ പ്രതീക്ഷ. എന്നാൽ വെല്ലുവിളികൾ ചെറുതല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രചാരണം മുന്നിൽ നിന്ന് നയിച്ച ടി എസ് സിംഗ് ദേവ് മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യമുയർത്തിയിരുന്നു. ഉപമുഖ്യമന്ത്രിപദം നൽകി തൽകാലം സിംഗ് ദേവിനെ ആശ്വസിപ്പിക്കാനായെങ്കിലും ഭൂപേഷ് ഭാഗേലിന് ഭീഷണി ഒഴിഞ്ഞിട്ടില്ല.
ഈയിടെ പൊതുവേദിയിൽ നരേന്ദ്രമോദിയെ പുകഴ്ത്തി പറഞ്ഞ് ടിഎസ് സിംഗ് ദേവ് പാർട്ടിയെ വെട്ടിലാക്കിയത് ഭാഗേലിനോടുള്ള ഭിന്നതയുടെ സൂചനയായി. എംഎൽഎമാർ ഭൂരിഭാഗം പേരും ഒപ്പമുള്ളതാണ് എന്നും ഭൂപേഷ് ഭാഗേലിന്റെ കരുത്ത്. കോൺഗ്രസിനകത്തെ ഭിന്നത മുതലെടുക്കാനുള്ള നീക്കങ്ങൾ ബിജെപിയും സജീവമാക്കിയിട്ടുണ്ട്. അഴിമതി ആരോപണങ്ങൾ സർക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വമ്പൻ റാലികൾ നടത്തി ബിജെപി പ്രചാരണരംഗത്ത് സജീവമാണ്. ഭാഗേൽ സർക്കാറിന് കീഴിൽ സംസ്ഥാനത്ത് തീവ്രവാദവും മാവോയിസ്റ്റ് ഭീഷണിയും കൂടിയെന്നാണ് നരേന്ദ്രമോദി കഴിഞ്ഞ ദിവസം പങ്കെടുത്ത റാലിയിൽ പറഞ്ഞത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ ഒരു മുഖമില്ലെന്നതാണ് ബിജെപിക്ക് സംസ്ഥാനത്തെ പ്രധാന വെല്ലുവിളി. 2003 മുതൽ 2018 വരെ മൂന്ന് ടേം സംസ്ഥാനം ഭരിച്ച രമൺ സിംഗിന് സ്വീകാര്യതയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ച് ആംആദ്മി പാർട്ടിയും കളത്തിലുണ്ട്. 24നും മുപ്പത്തിനാലിനും ഇടയിൽ പ്രായമുള്ളവരാണ് സംസ്ഥാനത്തെ മുപ്പത് ശതമാനത്തോളം വരുന്ന വോട്ടർമാർ. അവരുടെ നിലപാടും ഇത്തവണ നിർണായകമാകുമെന്നതിനാൽ യുവാക്കളെ കേന്ദ്രീകരിച്ചുള്ള വാഗ്ദാനങ്ങളുമായി പ്രചാരണം സജീവമാക്കുകയാണ് പാർട്ടികൾ.