Asianet News MalayalamAsianet News Malayalam

കൊവിഡ്: നിയമസഭാ മന്ദിരം അടക്കമുള്ള സുപ്രധാന നിർമ്മാണങ്ങൾ നിർത്തി വച്ച് ഛത്തീസ്ഗഡ്

ഗവർണറുടെ പുതിയഭവനം, നിയമസഭാ മന്ദിരം, മുഖ്യമന്ത്രിയുടെ വസതി, മന്ത്രിമാർക്കും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കുമായി ന്യൂ റായ്പൂർ മേഖലയിൽ നിർമിച്ചു കൊണ്ടിരുന്ന വീടുകൾ എന്നിവയുടെ നിർമാണം ഉടൻ നിർത്തിവയ്ക്കാനാണ് തീരുമാനം. 

Chhattisgarh stops major construction projects as covid 19 cases increasing
Author
Raipur, First Published May 14, 2021, 9:08 PM IST

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സുപ്രധാന നിർമ്മാണങ്ങൾ നിർത്തി വച്ച് ഛത്തീസ്ഗഡ്. വ്യാഴാഴ്ചയാണ്  സംസ്ഥാന സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്. പുതിയ നിയമസഭാ മന്ദിരത്തിന് ടെൻഡറുകൾ സ്വീകരിക്കുന്നതടക്കം പ്രധാന പദ്ധതികളാണ് തൽക്കാലത്തേക്ക് നിർത്തിവച്ചത്.കൊവിഡ് സംസ്ഥാനത്ത് വ്യാപകമാകുന്നതു തടയാൻ കൂടുതൽ ശക്തമായ നടപടികളിലേയ്ക്കാണ് സർക്കാർ കടക്കുന്നത്.

ഗവർണറുടെ പുതിയഭവനം, നിയമസഭാ മന്ദിരം, മുഖ്യമന്ത്രിയുടെ വസതി, മന്ത്രിമാർക്കും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കുമായി ന്യൂ റായ്പൂർ മേഖലയിൽ നിർമിച്ചു കൊണ്ടിരുന്ന വീടുകൾ എന്നിവയുടെ നിർമാണം ഉടൻ നിർത്തിവയ്ക്കാനാണ് തീരുമാനം. 2019 നവംബർ 25 നായിരുന്നു ഇവയുടെ ഭൂമി പൂജ നടന്നത്.

തങ്ങളുടെ മുൻഗണന പൗരൻമാർക്കാണ് എന്ന് വിശദമാക്കിയാണ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ തീരുമാനം പ്രഖ്യാപിച്ചത്. രാജ്ഭവനും മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും വസതികൾ അടക്കമുള്ള നിർമാണം കൊറോണയ്ക്കു മുൻപ് ആരംഭിച്ചതായിരുന്നു. പ്രതിസന്ധി കാലത്ത് നിർമാണ പ്രവർത്തനം നിർത്തിവയ്ക്കുക ആണെന്നും ജനങ്ങൾക്കാണ് സർക്കാരിൻ്റെ പ്രഥമ പരിഗണന എന്നും ഭൂപേഷ് ഭാഗൽ വിശദമാക്കി. പൊതുമരാമത്ത് വകുപ്പ് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കോൺട്രാക്ടർമാർക്ക് നിർദേശം നൽകി.

കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിനിടയിലും ദില്ലിയിൽ പ്രധാനമന്ത്രിയുടെ സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണം തുടരുന്നത് പ്രതിപക്ഷ പാർട്ടിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇതിനെ ഛത്തീഡ്ഗഡിലെ നിർമാണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ബി ജെ പി പ്രതിരോധിച്ചത്. പുതിയ പാര്‍ലമെന്‍റ് കെട്ടിടം, രാജ്‍പഥ് മോടിപിടിപ്പിക്കല്‍, പ്രധാനമന്ത്രിക്കുള്ള പുതിയ വസതി, ഓഫീസ്  നിര്‍മ്മാണം അടക്കമുള്ളവയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയിലുള്ളത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഫോട്ടോ, വീഡിയോ ചിത്രീകരണത്തിന് അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios