Asianet News MalayalamAsianet News Malayalam

ഹൈക്കോടതി ജഡ്ജിക്കെതിരെ അഴിമതി ആരോപണം: സിബിഐ അന്വേഷണത്തിന് ചീഫ് ജസ്റ്റിസിന്‍റെ അനുമതി, ചരിത്രത്തില്‍ ആദ്യം

2017ല്‍ ലക്നൗ ജിസിആര്‍ജി മെഡിക്കല്‍ കോളേജിന് അഡ്മിഷന്‍ നടത്തുന്നതിന് അനുകൂലമായി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി തിരുത്തിയെന്നാണ് ആരോപണം.

Chief justice gave nod to CBI inquiry High court judge curruption case
Author
New Delhi, First Published Jul 31, 2019, 12:26 PM IST

ദില്ലി: അലഹാബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി എസ് എന്‍ ശുക്ലക്കെതിരെയുള്ള അഴിമതിക്കേസില്‍ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അനുമതി നല്‍കി. ആദ്യമായാണ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിക്കെതിരെ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി അനുമതി നല്‍കുന്നത്. സ്വകാര്യമെഡിക്കല്‍ കോളേജിന് അനുകൂലമായി വിധി തിരുത്തിയെന്നാണ് ശുക്ലക്കെതിരെയുള്ള കേസ്. 

2017ല്‍ ലക്നൗ ജിസിആര്‍ജി മെഡിക്കല്‍ കോളേജിന് അഡ്മിഷന്‍ നടത്തുന്നതിന് അനുകൂലമായി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി തിരുത്തിയെന്നാണ് ആരോപണം. ശുക്ലയുള്‍പ്പെടെയുള്ള ബെഞ്ചിന്‍റെ വിധിയാണ് തിരുത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവേശനം നടത്താന്‍ മെഡിക്കല്‍ കോളേജിനെ സര്‍ക്കാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ മെഡിക്കല്‍ കോളേജിന് അനുകൂലമായി വിധി തിരുത്തി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. 

പരാതിയെ തുടര്‍ന്ന് ശുക്ലക്കെതിരെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രംഗത്തുവന്നിരുന്നു. ശുക്ല രാജിവെക്കുകയോ സ്വയം വിരമിക്കുകയോ വേണമെന്ന് ദീപക് മിശ്ര ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിന്‍റെ ആവശ്യം ശുക്ല തള്ളിയതിനെ തുടര്‍ന്ന് അന്വേഷണത്തിനായി ജഡ്ജിമാരുടെ പാനലിനെ ചുമതലപ്പെടുത്തി. അന്വേഷണത്തില്‍ ശുക്ല ജഡ്ജിയുടെ അന്തസ്സിന് ചേരാത്താ രീതിയില്‍ പ്രവര്‍ത്തിച്ചെന്നും ഗുരുതരമായ കുറ്റം ചെയ്തെന്നും പാനല്‍ കണ്ടെത്തുകയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ശുക്ലയെ ഇംപീച്ച് ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പ്രധാനമന്ത്രിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്‍റെ തൊട്ടുപിന്നാലെയാണ് സിബിഐ അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് അനുമതി നല്‍കിയത്. 

Follow Us:
Download App:
  • android
  • ios