സംസ്കൃതം ഇന്ത്യയുടെ ദേശീയ ഭാഷയാക്കണമെന്ന നിര്‍ദ്ദേശം ബാബാസാഹേബ് അംബേദ്കര്‍ തയ്യാറാക്കിയിരുന്നുവെന്ന അവകാശവാദവുമായി ചീഫ് ജസ്റ്റിസ് ഷരദ് ബോബ്ഡെ. എന്നാല്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് പോയില്ലെന്നും ബോബ്ഡെ പറയുന്നു. നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റിയുടെ ഉത്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

ഏത് ഭാഷയില്‍ സംസാരിക്കണമെന്ന് താന്‍ ആലോചിക്കുകയായിരുന്നു. ഇംഗ്ലീഷില്‍ വേണോ അതോ മറാത്തിയില്‍ വേണോ. ഈ ആശയക്കുഴപ്പം നമ്മുടെ രാജ്യത്ത് ഏറെക്കാലമായുണ്ട്. കോടതികള്‍ ഏത് ഭാഷ ഉപയോഗിച്ച് പ്രവര്‍ത്തിക്കണം എന്ന ചോദ്യം തുടര്‍ച്ചയായി ഉയരുന്നുണ്ട്. ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായുളള കോടതികള്‍ നമ്മുക്കുണ്ട്. എന്നാല്‍ ചിലര്‍ക്ക് തമിഴ് വേണം, മറ്റ് ചിലര്‍ക്ക് തെലുഗും. എന്നാല്‍ ഡോക്ടര്‍ അംബേദ്കര്‍ രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷ സംസ്കൃതമാക്കണമെന്ന നിര്‍ദ്ദേശം മുന്‍പോട്ട് വച്ചത് ആരും ശ്രദ്ധിക്കുന്നില്ല.

മതനേതാക്കളുടേയും അംബേദ്കറിന്‍റേയും ഒപ്പോട് കൂടിയ ഈ നിര്‍ദ്ദേശം അവതരിപ്പിച്ചോയെന്ന കാര്യം തനിക്ക് അറിയില്ല എന്നും ബോബ്ഡെ പറഞ്ഞു. വടക്കേ ഇന്ത്യയില്‍ തമിഴും തെക്കേ ഇന്ത്യയില്‍ ഹിന്ദിയും അംഗീകരിക്കപ്പെടില്ലെന്ന അഭിപ്രായമായിരുന്നു അംബേദ്കറിനുണ്ടായിരുന്നത്. എന്നാല്‍ സംസ്കൃതത്തിന് എവിടേയും എതിര്‍പ്പിനുള്ള സാധ്യതയില്ലാത്തതിനാലായിരുന്നു ഇത്തരമൊരു നിര്‍ദ്ദേശമെന്നും തയ്യാറാക്കിയത്. എന്നാല്‍ നിര്‍ദ്ദേശം വിജയകരമായില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

വെറുമൊരു നിയമ വിദഗ്ധന്‍ മാത്രമായിരുന്നില്ല അംബേദ്കര്‍. സാമൂഹ്യമായും രാഷ്ട്രീയമായും നടക്കുന്ന സംഭവങ്ങളേക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു അംബേദ്കറിന്. പാവപ്പെട്ടവരും അല്ലാത്തവരും എന്താണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍ നിര്‍ദ്ദേശം വിജയിച്ചില്ല. അതിനാലാണ് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയത്. അതുകൊണ്ട് തന്നെ താനും ഇംഗ്ലീഷില്‍ സംസാരിക്കുമെന്നാണ് ബോബ്ഡെ പറഞ്ഞത്. അംബേദ്കറിന്‍റെ ജന്മദിനം കൂടിയാണ് ഏപ്രില്‍ 14.