ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത പരിപാടിയിൽ ചോദ്യോത്തര വേളയിൽ നാടകീയ രംഗങ്ങൾ. ഇന്ത്യയിലെ ജനാധിപത്യ തകർച്ചയെയും അദ്ദേഹത്തിന്റെ വിവാദ 'പാറ്റ' പരാമർശത്തെയും കുറിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ സദസ്സ് ബഹളം വെക്കുകയും ഇന്ത്യൻ ഹൈക്കമ്മീഷൻ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത ലണ്ടനിലെ പരിപാടിയിൽ നാടകീയ രംഗങ്ങൾ. 'ആർട്ടിഫിഷ്യൽ ഇന്റലിജൻസും അന്താരാഷ്ട്ര നിയമവും' എന്ന വിഷയത്തിൽ ലണ്ടൻ സർവീസ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ ബെർക്ക്ബെക്ക് കോളേജിൽ കഴിഞ്ഞ ദിവസം പ്രസംഗത്തിന് പിന്നാലെയായിരുന്നു സംഭവം. ചോദ്യോത്തര വേളയിൽ സദസ്സിലുണ്ടായിരുന്ന ചിലർ ഇന്ത്യയിലെ ജനാധിപത്യ തകർച്ചയെക്കുറിച്ചും ചീഫ് ജസ്റ്റിസ് മുൻപ് നടത്തിയ വിവാദപരമായ പാറ്റ പരാമർശത്തെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചതോടെയാണ് രംഗം വഷളായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംവാദത്തിൽ ഒരു വിദ്യാർത്ഥിനിയാണ് പാറ്റ പരാമർശം സംബന്ധിച്ച് ചോദിച്ചത്. ചർച്ചയുടെ വിഷയം ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ടതാണെന്നും ഈ ചോദ്യങ്ങൾക്ക് ഇവിടെ പ്രസക്തിയില്ലെന്നും വ്യക്തമാക്കി പരിപാടിയുടെ മോഡറേറ്റർ ചോദ്യങ്ങൾ തടസ്സപ്പെടുത്തി. ഇതോടെ സദസ്സിലുണ്ടായിരുന്നവർ ബഹളം വെച്ചു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തിയത്. സദസ്സിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം മോശം പെരുമാറ്റങ്ങൾ അംഗീകരിക്കാനാകില്ലെന്നും ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെങ്കിലും അവ മാന്യമായ രീതിയിലാണ് പ്രകടിപ്പിക്കേണ്ടതെന്നും ഹൈക്കമ്മീഷൻ വ്യക്തമാക്കി.

സുപ്രീം കോടതിയിലെ കേസ് വാദത്തിനിടെ തൊഴിലില്ലാത്ത യുവാക്കൾ സോഷ്യൽ മീഡിയയിലും ആർ.ടി.ഐ ആക്ടിവിസത്തിലേക്കും തിരിയുന്നതിനെ വിമർശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ വാക്കാലുള്ള നിരീക്ഷണമാണ് വിവാദത്തിന് കാരണം. ഇത്തരക്കാർ പാറ്റകളെപ്പോലെ സമൂഹത്തിൽ പരാദങ്ങളായി മാറുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സമൂഹമാധ്യമത്തിൽ ഉയർന്ന പ്രതിഷേധം പിന്നീട് കോക്രോച് ജനത പാർട്ടിയെന്ന കൂട്ടായ്മയ്ക്ക് രൂപം കൊടുക്കുകയും ഇന്ന് യുവാക്കൾ ദില്ലിയിൽ സമരരംഗത്തേക്ക് ഇറങ്ങുകയും ചെയ്തു. എന്നാൽ വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് സ്ഥാപനങ്ങളെ ആക്രമിക്കുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്നും തൊഴിലില്ലാത്ത യുവാക്കളെയല്ലെന്നും ഇതിൽ പിന്നീട് ചീഫ് ജസ്റ്റിസ് വ്യക്തത വരുത്തിയിരുന്നു.