രാജിവെച്ച മുതിർന്ന മന്ത്രി രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയും കോൺഗ്രസ് ഹൈക്കമാൻഡും. സംസാരിച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു രാഹുൽ നൽകിയ നിർദേശം. പരിഹാരമുണ്ടാകാത്ത പക്ഷം രാജി സ്വീകരിക്കണമെന്നും രാഹുൽ നിലപാടെടുത്തു.
ബെംഗളൂരു: കർണാടകത്തിൽ വകുപ്പ് വിഭജനത്തിൽ അതൃപ്തി അറിയിച്ച് രാജിവെച്ച മുതിർന്ന മന്ത്രി രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയും കോൺഗ്രസ് ഹൈക്കമാൻഡും. ഹൈക്കമാൻഡ് അനുവദിക്കുന്ന പക്ഷം ബെംഗളൂരു നഗര വികസന വകുപ്പ് കൃഷ്ണ ബൈരെ ഗൗഡയിൽ നിന്ന് തിരിച്ചെടുത്ത് റെഡ്ഡിക്ക് നൽകാനോ അല്ലാത്ത പക്ഷം മറ്റേതെങ്കിലും പ്രധാനപ്പെട്ട വകുപ്പ് നൽകാനാണോ ആണ് നീക്കം. ഇതിനിടയിൽ മുഖ്യമന്ത്രി ഇടപെട്ട് ഊർജ വകുപ്പിന് കീഴിൽ വരുന്ന കെപിസിഎൽ എംഡിയെ മാറ്റി നിയമിച്ചതിൽ നീരസം പ്രകടിപ്പിച്ച് മലയാളി മന്ത്രി കെ ജെ ജോർജും രംഗത്തെത്തി.
ആഗ്രഹിച്ച വകുപ്പ് കിട്ടാത്തതിൽ പ്രതിഷേധിച്ച് രാജിവെച്ച രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് കർണാടകത്തിൽ സജീവമായി പുരോഗമിക്കുന്നത്. ഇന്നലെ രാത്രി വൈകി ബെംഗളൂരുവിൽ തിരിച്ചെത്തിയ റെഡ്ഡിയുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാർ ചർച്ച നടത്തിയിരുന്നു. റെഡ്ഡിയോട് രാജി പിൻവലിക്കാൻ ആവശ്യപ്പെട്ട ഡി കെ വിഷയം ഹൈക്കമാൻഡുമായി ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി.
ഇന്നലെ ബെംഗളൂരുവിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധിയുമായി ഡികെയും സിദ്ധരാമയ്യയും വിഷയം ചർച്ച ചെയ്തിരുന്നു. സംസാരിച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു രാഹുൽ നൽകിയ നിർദേശം. പരിഹാരമുണ്ടാകാത്ത പക്ഷം രാജി സ്വീകരിക്കണമെന്നും രാഹുൽ നിലപാടെടുത്തു. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല രാമലിംഗ റെഡ്ഡിയുമായി ചർച്ച നടത്തിയത്. വിഷയം ഇന്നുതന്നെ പരിഹരിക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ഹൈക്കമാൻഡ് അനുവദിച്ചാൽ, റെഡ്ഡി ആവശ്യപ്പെട്ട ബെംഗളൂരു നഗര വികസന വകുപ്പ് കൃഷ്ണ ബൈരെ ഗൗഡയിൽ നിന്ന് തിരിച്ചെടുത്ത് നൽകി പ്രശ്നം പരിഹരിക്കാനാണ് ശ്രമം. അല്ലാത്ത പക്ഷം മറ്റെതെങ്കിലും വകുപ്പ് കൂടി കൈമാറി അനുനയിപ്പിക്കാനാകുമോ എന്നും ശ്രമിക്കുന്നുണ്ട്.
ഹൈക്കമാൻഡ് തീരുമാനം കാക്കുകയാണ് രാമലിംഗ റെഡ്ഡി. മെച്ചപ്പെട്ട വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട മറ്റൊരു മുതിർന്ന മന്ത്രി കെ എച്ച് മുനിയപ്പ ഇനിയും നിലപാട് മയപ്പെടുത്തിയിട്ടില്ല. ഇതിനിടയിലാണ് താൻ കൈകാര്യം ചെയ്യുന്ന ഊർജ വകുപ്പിന് കീഴിൽ വരുന്ന കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എംഡിയെ മാറ്റിയ മുഖ്യമന്ത്രിയുടെ നടപടിയിൽ നീരസം അറിയിച്ച് മന്ത്രി കെ ജെ ജോർജും രംഗത്തെത്തിയത്. വകുപ്പ് വിഭജനത്തിന് മുന്നേയാണ് തന്റെ സെക്രട്ടറിയായ രാജേന്ദ്ര ചോളന് ഡി കെ കെപിസിഎൽ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല കൂടി നൽകിയത്. ജോർജ് നീരസം അറിയിച്ചതോടെ ഈ ഉത്തരവ് മുഖ്യമന്ത്രി റദ്ദാക്കിയിട്ടുണ്ട്. അടുത്തഘട്ട മന്ത്രിസഭാ വികസനം ലക്ഷ്യമാക്കി എംഎൽഎമാർക്ക് വണ്ടി അനുയായികൾ പരസ്യമായി രംഗത്തെത്തിയതും കോൺഗ്രസിനെ അലട്ടുന്നുണ്ട്. മുൻ മന്ത്രി സമീർ അഹമ്മദിന് വേണ്ടിയാണ് അനുയായികൾ പരസ്യമായി തെരുവിൽ ഇറങ്ങിയിരിക്കുന്നത്. ഈ പ്രതിസന്ധികളെല്ലാം പരിഹരിച്ചാലും ശേഷിക്കുന്ന രണ്ടുവർഷം കർണാടകയെ നയിക്കുക എന്നത് അത്ര എളുപ്പമാകില്ല ഡി കെ ശിവകുമാറിന്.

