Asianet News MalayalamAsianet News Malayalam

ശൈശവ വിവാഹം; അസമിൽ ഇതുവരെ അറസ്റ്റിലായത് 1800 പേർ, ആകെ കേസുകൾ നാലായിരത്തിലധികം

പ്രായപൂർത്തിയെത്താത്ത പെൺകുട്ടികളെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട കേസുകളിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽ‌കിയിരിക്കുന്നത്. 

child marriage 1800 people have been arrested in assam so far
Author
First Published Feb 3, 2023, 1:14 PM IST

ഗുവാഹത്തി: ശൈശവ വിവാഹം സംബന്ധിച്ച കേസുകളിൽ അസമിൽ  1800 പേർ അറസ്റ്റിലായതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു. ഇന്ന് പുലർച്ചെ തുടങ്ങിയ അറസ്റ്റ് നടപടികൾ കുറച്ചുദിവസത്തേക്ക് കൂടി നീളും. നാലായിരത്തിലധികം ശൈശവ വിവാഹ കേസുകളാണ് രണ്ടാഴ്ച്ചക്കിടെ അസമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ അന്വേഷണം തുടരുകയാണ്. 

പ്രായപൂർത്തിയെത്താത്ത പെൺകുട്ടികളെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട കേസുകളിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽ‌കിയിരിക്കുന്നത്. "ശൈശവ വിവാഹ നിരോധന നിയമപ്രകാരം 1800ലധികം പേരാണ് ഇതുവരെ അറസ്റ്റിലായത്. സ്ത്രീകൾക്കെതിരായ ഈ നീചപ്രവർത്തി ചെയ്യുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ഞാൻ അസം പൊലീസിനോട് പറഞ്ഞിരിക്കുന്നത്". ഹിമന്ദ ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് ശൈശവ വിവാഹം നിരോധിക്കുന്നതിന് സർക്കാർ ശക്തമായ തീരുമാനമാണ് എടുത്തിട്ടുള്ളത്. 4004 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തുടർനടപടികൾ ഇന്ന് മുതൽ ആരംഭിച്ചു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

14 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ വിവാ​ഹം ചെയ്യുന്ന പുരുഷന്മാർക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയും 14നും 18നുമിടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്നവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവുമാണ് കേസ് എടുക്കാനാണ് അസം മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ശൈശവ വിവാഹത്തിനെതിരായ പോരാട്ടം മതനിരപേക്ഷമായിരിക്കുമെന്നും ഒരു മതവിഭാ​ഗത്തിനും ഇളവ് ലഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അത്തരം വിവാഹം നടത്തിക്കൊടുക്കുന്ന പുരോഹിതരും പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു.  ശൈശവ വിവാഹങ്ങൾ മൂലം അസമിലെ മാതൃ ശിശു മരണനിരക്ക് ഉയർന്ന സ്ഥിതിയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന വിവാഹങ്ങളിൽ 31 ശതമാനവും ഇത്തരത്തിലുള്ളതാണെന്നും ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞിരുന്നു. 

Read Also: ബിബിസി ഡോക്യുമെന്‍ററി വിലക്ക്; നിരോധനത്തിന്‍റെ യഥാർത്ഥ രേഖകൾ വിളിച്ചു വരുത്തി സുപ്രീംകോടതി

Follow Us:
Download App:
  • android
  • ios