ദില്ലി: രാജ്യത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന കണക്ക് പുറത്ത്. ലോക്ക് ഡൌണിന്‍റെ ആദ്യവാരം ഉള്‍പ്പെടുന്ന മാർച്ച് 20 മുതല്‍ 31 വരെയുള്ള 11 ദിവസത്തില്‍ ലഭിച്ച 3.07 ലക്ഷം ഫോണ്‍ കോളുകളില്‍ 92,000ത്തിലേറെയും അതിക്രമങ്ങളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള സഹായാഭ്യർത്ഥനകളായിരുന്നു എന്ന് ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഡപ്യൂട്ടി ഡയറക്ടർ ഹർലീന്‍ വാലിയ വ്യക്തമാക്കിയതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 

ചൈല്‍ഡ് ലൈനിന് ലഭിച്ച ഫോണ്‍ കോളുകളില്‍ 30 ശതമാനവും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ചായിരുന്നു. ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച മാർച്ച് 24ന് ശേഷം ഫോണ്‍ കോളുകളില്‍ 50 ശതമാനം വർധനവുണ്ടായതായും വാലിയ പറയുന്നു. ശാരീരിക ആരോഗ്യം(11 ശതമാനം), ബാലവേല(8 ശതമാനം), കാണാതാവുകയോ ഓടിപ്പോവുകയോ ചെയ്ത കുട്ടികള്‍(8 ശതമാനം), ഭവനരഹിതർ(5 ശതമാനം) എന്നിവയെ കുറിച്ചുള്ളതായിരുന്നു ചൈല്‍ഡ് ലൈനിന് ലഭിച്ച മറ്റ് ഫോണ്‍ കോളുകള്‍.

1,677 ഫോണ്‍ കോളുകള്‍ കൊവിഡ് 19നെ കുറിച്ചുള്ള ചോദ്യങ്ങളും 237 എണ്ണം രോഗബാധിതരായ കുട്ടികള്‍ക്ക് സഹായം അഭ്യർത്ഥിച്ചുള്ളതുമായിരുന്നു. 

ഗാർഹിക പീഡനവും വർധിച്ച ലോക്ക് ഡൌണ്‍

ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെ വീടുകൾക്കകത്ത് ഗാർഹിക പീഡനം വൻതോതിൽ കൂടിയെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. മാർച്ച്‌ 23 മുതൽ ഏപ്രിൽ ഒന്ന് വരെ മാത്രം 257 പരാതികൾ ഓൺലൈനായി ലഭിച്ചു. 13 എണ്ണം ബലാത്സംഗ ശ്രമവുമായി ബന്ധപ്പെട്ടതും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് 69 പരാതികളുമാണ് ലഭിച്ചത്. 

കൊവിഡ് 19 മഹാമാരിയെ ചെറുക്കാനുള്ള ദൌത്യത്തിന്‍റെ ഭാഗമായി സ്ത്രീകളുടെ സംരക്ഷണം എല്ലാ സർക്കാരുകളും ഉറപ്പുവരുത്തണമെന്ന് ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഏറ്റവും സുരക്ഷിതം എന്ന് കരുതുന്ന വീടുകളാണ് ഏറെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വലിയ ഭീഷണി എന്നായിരുന്നു സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസിന്‍റെ വാക്കുകള്‍.