ദില്ലി: ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു. സ്വന്തം വീട്ടില്‍ തന്നെ കുട്ടികള്‍ക്ക് പീഡനമേല്‍ക്കേണ്ടിവരുന്നതായാണ് പരാതി. സംരക്ഷണം ഉറപ്പാക്കാന്‍ സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കണമെന്നും അഭിഭാഷകര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് വീടുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്കെതിരായ അക്രമം കൂടുന്നു എന്ന് ദേശീയ വനിതാ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇരട്ടിയായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഹെല്‍പ് ലൈനിലേക്ക് പരാതിയുമായി 92,000 കോളുകളാണ് ഇക്കാലത്ത് വന്നത്.

പതിനൊന്ന് ശതമാനം പരാതികള്‍ ലൈംഗീക അതിക്രമം സംബന്ധിച്ചാണ്. ബാലവേലയുമായി ബന്ധപ്പെട്ട് എട്ടു ശതമാനം പരാതികളെത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകരായ സുമീര്‍ സോധിയും ആര്‍സൂ അനേജയും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക് കത്തയച്ചത്. ഇരയാകുന്ന കുട്ടികള്‍ക്ക് സഹായം തേടാനോ രക്ഷപെടാനോ കഴിയുന്നില്ല.

കുടുംബാഗങ്ങള്‍, ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെയാണ് പരാതികളുയരുന്നത്. സംരക്ഷണ കേന്ദ്രങ്ങളിലും മതിയായ സുരക്ഷ നല്‍കുന്നില്ല. കുട്ടികളെ പീഡിപ്പിക്കുന്നത് ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും അഭിഭാഷകര്‍ കുറ്റപ്പെടുത്തുന്നു. ശിശുക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തി അക്രമം തടയാന്‍ നിര്‍ദ്ദേശം
നല്‍കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെടുന്നു.