ദില്ലി: കൊറോണ വൈറസ്  ബാധിത മേഖലയായ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന  തടഞ്ഞതോടെ  കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചൈനയുടെ  നിലപാടില്‍ അയവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. 

പകര്‍ച്ചവ്യാധി മേഖലയില്‍  നിന്ന് മറ്റൊരു സ്ഥലത്തേക്ക് ആളുകളെ കൂട്ടത്തോടെ മാറ്റുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ്
ലോകാരോഗ്യ സംഘടനയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വുഹാനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന തടഞ്ഞത്. ചൈന നിലപാട് വ്യക്തമാക്കിയതിന് ശേഷവും വുഹാനില്‍ ഇന്ത്യക്കാര്‍ തുടരുന്നതിലെ ആശങ്ക  ഇന്ത്യ അറിയിച്ചുവെന്നാണ്  വിദേശ കാര്യമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. 

ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസി ചൈനീസ് അധികൃതരമായി ചര്‍ച്ച നടത്തുകയാണ്. അതേ സമയം ഇന്ത്യയില്‍ വൈറസ് ബാധയില്ലെന്ന്
കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
വിമാനത്താവളങ്ങള്‍ക്ക് പുറമെ തുറമുഖങ്ങളിലും പരിശോധന  നടക്കും. 

8 വിമാനത്താവളങ്ങളില്‍ കൂടി പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഇതോടെ കൊച്ചി, തിരുവനന്തപുരമടക്കം രാജ്യത്തെ 21 വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്ക്രീനിംഗ്  സജ്ജമാകും. സാമ്പിള്‍ പരിശോധനക്ക് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കൂടാതെ നാല് ലാബുകള്‍  കൂടി തയ്യാറാക്കും. ഇതിനിടെ മധ്യപ്രദേശില്‍ കൊറേണ ബാധയെന്ന സംശയത്തെ തുടര്‍ന്ന്  ഒരാളെ ആശുപത്രിയിലാക്കി. ദില്ലിയിലെ ആശുപത്രിയില്‍ മൂന്ന് പേര്‍ നിരീക്ഷണത്തിലാണ്.

അതേസമയം കൊറോണ വൈറസ് ബാധയിൽ  മരണം 132 ആയി. 6000 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ജപ്പാനും അമേരിക്കയും വുഹാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടങ്ങി.  വൈറസ് ബാധയെ തുടര്‍ന്ന് അടച്ചിട്ട 20 ചൈനീസ് നഗരങ്ങളിലായി  അഞ്ചു കോടി ആളുകളാണ് കുടുങ്ങി കിടക്കുന്നത്. ചൈനക്കു പുറമേ 17 രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.