വാഷിംഗ്ടണ്‍: നിയന്ത്രണരേഖയില്‍ ചൈന 60000 പട്ടാളക്കാരെ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. അയല്‍രാജ്യങ്ങളോട് ചൈന മേശമായി പെരുമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗയ് ബെന്‍സണ്‍ ടിവി ഷോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

വിവിധ മേഖലകളില്‍ ചൈനീസ് കടന്നുകയറ്റം തടയുന്നതിനായി ഇന്‍ഡോ-പസിഫിക് രാജ്യങ്ങളിലെ വിദേശമന്ത്രിമാര്‍ കഴിഞ്ഞ ദിവസം ടോക്യോവില്‍ യോഗം ചേര്‍ന്നിരുന്നു. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ മന്ത്രിമാരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഇന്‍ഡോ-പസിഫിക് മേഖലയിലെയും ദക്ഷിണ ചൈന കടലിലെയും ലഡാക്കിലെ നിയന്ത്രണ രേഖയിലെും ചൈനയുടെ സൈനികമായ പ്രകോപനമാണ് പ്രധാന ചര്‍ച്ചയായത്. 

ചൈനക്കെതിരെയുള്ള ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയന്‍ സഖ്യത്തെ ക്വാഡ് രാജ്യങ്ങള്‍ എന്നാണ് പോംപിയോ വിശേഷിപ്പിച്ചത്. ലോകത്തെ നാല് പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളും വലിയ സാമ്പത്തിക ശക്തികളുമായ ഈ രാജ്യങ്ങള്‍ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പോംപിയോ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കരുമായും പോംപിയോ കൂടിക്കാഴ്ച നടത്തി. സമാധാനവും സമൃദ്ധിയും സംരക്ഷിക്കാനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും ഉറപ്പു നല്‍കി. ജയശങ്കറുമായുള്ള കൂടിക്കാഴ്ച ഗുണകരമായിരുന്നെന്നും പോംപിയോ വ്യക്തമാക്കി. 

അമേരിക്കയുടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും ബൗദ്ധിക സ്വത്തും ചൈന കവര്‍ന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ വലിയ രീതിയിലാണ് ചൈന സൈനിക വിന്യാസം നടത്തുന്നത്. കൊറോണവൈറസ് ചൈന വ്യാപിപ്പിച്ചുവെന്ന് പറഞ്ഞതിനാണ് ഓസ്‌ട്രേലിയക്കെതിരെ ചൈന രംഗത്തെത്തിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭീഷണിയാണെന്ന് ഈ രാജ്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.  

പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തില്‍ തിരിച്ചടി തുടങ്ങിയിട്ടുണ്ട്. ജനാധിപത്യമാണ് ലോകത്തെ നിയന്ത്രിക്കേണ്ടതെന്നും ഏകാധിപത്യമല്ല ഭരിക്കേണ്ടതെന്നും പോംപിയോ പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭീഷണിയില്‍ നിന്ന് അമേരിക്കന്‍ ജനതയെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.