ദില്ലി: ചൈന നിരീക്ഷിക്കുന്ന ഇന്ത്യയിലെ പ്രമുഖരുടെ പട്ടികയിൽ രാജ്യസസഭാംഗം രാജീവ് ചന്ദ്രശേഖറടക്കമുള്ളവർ. ഇദ്ദേഹത്തിന് പുറമെ കേന്ദ്ര വിദേശകാര്യ വകുപ്പ് സെക്രട്ടറി  ഹർഷ്‌വർദ്ധൻ ശ്രിംഗ്ളയും അമിതാഭ് കാന്ത്, വേണു രാജാമണി തുടങ്ങിയ ഉദ്യോഗസ്ഥരും ഉണ്ട്. നിയമവിരുദ്ധ നിരീക്ഷണം ഇല്ലെന്ന വാദവുമായി ചൈനീസ് കമ്പനി രംഗത്തെത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങളാണ് സൂക്ഷിക്കുന്നതെന്നും ചൈനീസ് സേനയുമായി ബന്ധമില്ലെന്നും ഷെൻഹുവ വിശദീകരിച്ചു.

രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം സുപ്രധാന പദവികൾ വഹിക്കുന്ന ഇന്ത്യക്കാരെ ചൈനീസ് സ്ഥാപനം നിരീക്ഷിക്കുന്നുവെന്ന വിവരം പുറത്തായ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ഇത് അന്വേഷിക്കാൻ തീരുമാനിച്ചിരുന്നു. പ്രത്യേക സമിതി രൂപീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. സൈബർ സുരക്ഷ കോഓർഡിനേറ്ററുടെ നേതൃത്വത്തിലാണ് സമിതി. രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന വിഷയം പാര്‍ലമെന്‍റിൽ ഉന്നയിച്ച കോൺഗ്രസ് എംപി കെസി വേണുഗോപാലിന് വിദേശകാര്യമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഗൗരവമേറിയ വിഷയമാണെന്നും സർക്കാർ പ്രതികരിക്കണമെന്നും സഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പുറമേ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ് ഡേ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി തന്ത്രപ്രധാന സ്ഥാനങ്ങളിലിരിക്കുന്നവരേയും, കുടുംബാംഗങ്ങളേയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ചൈനീസ് ഐടി-വ്യവസായ മന്ത്രലായങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഷെന്‍സെന്‍ ഡേറ്റ ടെക്നോളജിയാണ് നിരീക്ഷണങ്ങള്‍ നടത്തുന്നതെന്നായിരുന്നു ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരും ചില മാധ്യമപ്രവർത്തകരും ചൈന നിരീക്ഷിക്കുന്നവരുടെ പട്ടികയിലുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ നിരീക്ഷണമാണ് നടത്തുന്നതെന്നാണ് സൂചന. എന്നാൽ ഫോൺ ചോർത്തൽ,ഇമെയിലുകളിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ സൂചനകളൊന്നും റിപ്പോർട്ടിലില്ല.