ദില്ലി: കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്നില്‍ പാകിസ്ഥാനും, ചൈനയുമാണ് എന്ന് ആരോപിച്ച് കേന്ദ്രമന്തി രംഗത്ത്. കേന്ദ്രമന്ത്രി റാവുസാഹേബ് ദന്‍വേയാണ് ബുധനാഴ്ച കേന്ദ്രത്തിന്‍റെ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്.

ആദ്യം മുസ്ലീങ്ങളെ സിഎഎ നിയമത്തിന്‍റെ പേരിലും, എന്‍ആര്‍സിയുടെ പേരിലും തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ ഇത് വിജയിച്ചില്ല. ഇപ്പോള്‍ കര്‍ഷകരെയാണ് തെറ്റിദ്ധരിപ്പിക്കുന്നത്. അവര്‍ക്ക് നഷ്ടം വരുമെന്നാണ് പറയുന്നത്. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ ബദ്നാപ്പൂര്‍ താലൂക്കില്‍ ഹെല്‍ത്ത് സെന്‍റര്‍ ഉദ്ഘാടനത്തില്‍ പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഇപ്പോള്‍ സമരം നടത്തുന്നവര്‍ കര്‍ഷകര്‍ അല്ല, അവര്‍ക്ക് പിന്നില്‍ ചൈനയും പാകിസ്ഥാനുമാണ്. ആദ്യം മുസ്ലീംങ്ങളെ തെറ്റിദ്ധരിപ്പിച്ചു. സിഎഎ എന്‍ആര്‍സി നടപ്പിലാക്കുന്നതോടെ ഇന്ത്യ വിടേണ്ടിവരുമെന്ന് പറഞ്ഞു. എന്നാല്‍ ആറുമാസമായി ഒരു മുസ്ലീം എങ്കിലും പുറത്തായോ? അവരുടെ ശ്രമങ്ങളി‍ ഫലിച്ചില്ല. ഇപ്പോള്‍ കര്‍ഷകര്‍ക്ക് നഷ്ടം വരും എന്ന് പറഞ്ഞ് ഇളക്കി വിടുകയാണ്. ഇതിന് പിന്നില്‍ അയല്‍ രാജ്യങ്ങളുടെ ഗൂഢാലോചനയുണ്ട്- കേന്ദ്രമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ കിലോയ്ക്ക് 24 രൂപയ്ക്ക് ഗോതമ്പും, 34 രൂപയ്ക്ക് അരിയും വാങ്ങി ജനങ്ങള്‍ക്ക് അത് 2 രൂപയ്ക്കും 3 രൂപയ്ക്കും നല്‍കുന്നു. 1.75 ലക്ഷം കോടി കാര്‍ഷിത സബ്സിഡി നല്‍കുന്നു. കര്‍ഷകര്‍ക്കായി പണം മുടക്കുന്നു മന്ത്രി പറഞ്ഞു. എന്നാല്‍ തന്‍റെ ആരോപണം എന്ത് അടിസ്ഥാനത്തിലാണെന്ന് മന്ത്രി വ്യക്തമാക്കിയില്ല. പ്രധാനമന്ത്രി മോദി, കര്‍ഷകരുടെ പ്രധാനമന്ത്രിയാണ് കര്‍ഷകര്‍‍ക്ക് ദോഷം വരുന്നത് അദ്ദേഹം ചെയ്യില്ല- മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേ സമയം കേന്ദ്ര കണ്‍സ്യൂമര്‍ അഫേര്‍സ് സഹമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ശിവസേന രംഗത്ത് എത്തി. പാകിസ്ഥാന് സമരത്തിന് പിന്നില്‍ എങ്കില്‍ പാകിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തൂ എന്നാണ് ശിവസേന വക്താവ് അരവിന്ദ് സാവന്ത് പ്രതികരിച്ചത്- പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്താണ് പറയുന്നതെന്ന് അവര്‍ക്ക് തന്നെ അറിയില്ലെന്ന് കേന്ദ്രമന്ത്രിയിടെ പ്രസ്താവ സംബന്ധിച്ച് ശിവസേന നേതാവ് കൂട്ടിച്ചേര്‍ത്തു.