ദില്ലി: ഗൽവാൻ താഴ്‍വരയിൽ ചൈനയ്ക്കാണ് പരമാധികാരമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിൻ്റെ അവകാശവാദം. സംഘർഷം നടന്നത് ചൈനീസ് പ്രദേശത്താണെന്നും ചൈന അവകാശപ്പെട്ടു. അതിർത്തിയിൽ സമാധാനം നിലനിറുത്തേണ്ട ബാധ്യത ഇന്ത്യയ്ക്കാണെന്നുമാണ് ചൈനയുടെ പുതിയ നിലപാട്. 

അതേസമയം അതിർത്തി സംഘർഷം പരിഹരിക്കാൻ ഇന്ത്യയും ചൈനയും നയതന്ത്ര ചർച്ചകൾ വീണ്ടും തുടങ്ങി. സേനതലത്തിൽ ഇന്നലെ പിൻമാറ്റത്തിന് തീരുമാനിച്ചതിന് പിന്നാലെയാണ് നയതന്ത്ര ചർച്ച തുടങ്ങിയത്. വിദേശകാര്യമന്ത്രാലയത്തിലെ ജോയിൻറ് സെക്രട്ടറി നവീൻ ശ്രീവാസ്തവയും ചൈനീസ് വിദേശകാര്യമന്ത്രാലയ ഡയറക്ടർ വു ജിയങ്കാവോയുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. 

സേനതലത്തിൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് മുന്നോട്ടു കൊണ്ടു പോകുന്ന കാര്യം യോഗം ചർച്ച ചെയ്യും.. ഇതിനിടെ ഗൽവാനിലെ സംഘർഷത്തിന് പിന്നിൽ മുതിർന്ന ചൈനീസ് ജനറലാണെന്ന റിപ്പോർ‍ട്ടുകൾ പുറത്തു വന്നു. ചൈനയുടെ പടിഞ്ഞാറൻ കമാൻഡ് മേധാവി ഷാവോ സോൻകിയാണ് പദ്ധതി തയ്യാറാക്കിയതെന്ന് അമേരിക്ക രഹസ്യാന്വേഷണ ഏജൻസികൾ തയ്യറാക്കിയ റിപ്പോർട്ട് പറയുന്നു. റഷ്യയിൽ നടന്ന വിജയദിന റാലിയിൽ ഇന്ത്യയുടെയും ചൈനയുടെ പ്രതിരോധമന്ത്രിമാർ പങ്കെടുത്തെങ്കിലും ചർച്ചയും കൂടിക്കാഴ്ചയും ഒഴിവാക്കി.