Asianet News MalayalamAsianet News Malayalam

ലഡാക്കിലെ സംഘർഷം: സ്ഥി​ഗതികൾ വിലയിരുത്തി മോദി, നിയന്ത്രണ രേഖ ലംഘിച്ചില്ലെന്ന് ചൈന

ശനിയാഴ്ച രാത്രി ചൈന നടത്തിയ പ്രകോപനപരമായ സൈനിക നീക്കം തടഞ്ഞതായാണ് ഇന്ത്യൻ കരസേന റിപ്പോർട്ട് ചെയ്തത്. സംഘർഷത്തെ തുടർന്നുള്ള സ്ഥിതി തണുപ്പിക്കാൻ ബ്രിഗേഡ് കമാൻഡർമാർക്കിടയിലെ ഫ്ളാഗ് മീറ്റിംഗ് തുടരുകയാണ്. അതേസമയം,  പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി.
 

china response to india china ladakh conflict
Author
Delhi, First Published Aug 31, 2020, 2:22 PM IST

ദില്ലി: ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ചില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ആശയവിനിമയം തുടരുന്നു എന്നും ചൈന പ്രസ്താവിച്ചു. ശനിയാഴ്ച രാത്രി ചൈന നടത്തിയ പ്രകോപനപരമായ സൈനിക നീക്കം തടഞ്ഞതായാണ് ഇന്ത്യൻ കരസേന റിപ്പോർട്ട് ചെയ്തത്. സംഘർഷത്തെ തുടർന്നുള്ള സ്ഥിതി തണുപ്പിക്കാൻ ബ്രിഗേഡ് കമാൻഡർമാർക്കിടയിലെ ഫ്ളാഗ് മീറ്റിംഗ് തുടരുകയാണ്. അതേസമയം,  പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി.

രണ്ടര മാസത്തിനു ശേഷമാണ് ഇന്ത്യ ചൈന അതിർത്തിയിൽ വീണ്ടും സംഘർഷസ്ഥിതിയുണ്ടായിരിക്കുന്നത്. ശനിയാഴ്ച രാത്രി ചൈനീസ് പട്ടാളം കടന്നുകയറാൻ നടത്തിയ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് സൂചന. പാങ്ഗോംഗ് തടാകത്തിൻറെ തെക്കൻ തീരത്ത് ചൈന
പ്രകോപനത്തിന് ഇടയാക്കിയ സൈനിക നീക്കം നടത്തിയെന്ന് കരസേന പ്രസ്താവനയിൽ പറഞ്ഞു. തൽസ്ഥിതി മാറ്റാനുള്ള നീക്കമാണ് ചൈന നടത്തിയത്. ഇതേ തുടർന്ന് ഇന്ത്യയുടെ സേനാ സാന്നിധ്യം കൂട്ടാനും ചൈനയുടെ ഏകപക്ഷീയ നീക്കം പരാജയപ്പെടുത്താനും നടപടി സ്വീകരിച്ചു. ചർച്ചയിലൂടെ അതിർത്തിയിൽ ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കാൻ ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. എന്നാൽ രാജ്യത്തിൻറെ അഖണ്ഡത കാത്തു സൂക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കരസേനയുടെ പ്രസ്താവന പറയുന്നു. 

നേരത്തെ പാംഗോങ് തടാകത്തിൻറെ വടക്കൻ തീരത്ത് കടന്നുകയറിയ ചൈന പൂർണ്ണ പിൻമാറ്റത്തിന് ഇതുവരെ തയ്യാറായിട്ടില്ല. തെക്കൻ തീരം പിടിച്ചെടുക്കാനുള്ള നീക്കമാണ് ഇന്ത്യൻ സേന തകർത്തതെന്നാണ് സൂചന. എന്നാൽ ആയുധങ്ങൾ ഉപയോഗിക്കാതെയായിരുന്നു പ്രതിരോധം. കൂടുതൽ സേനയെ ഈ മേഖലയിൽ എത്തിച്ചു.  ജൂൺ പതിനഞ്ചിന് രാത്രി ഗൽവാൻ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിൽ ഇരുപത് ഇന്ത്യൻ സൈനികരാണ് വീരമൃത്യ വരിച്ചത്. ചർച്ചകളിലൂടെ വിഷയം പരിഹരിക്കാൻ ഇന്ത്യ ശ്രമിക്കുമ്പോഴും ചൈന പ്രകോപനം അവസാനിപ്പിക്കാൻ തയ്യാറല്ലെന്ന  സൂചനയാണ് പാംഗോങ് തീരത്തെ ഈ സംഘർഷം നല്കുന്നത്.

Follow Us:
Download App:
  • android
  • ios