ദില്ലി: വെള്ളിയാഴ്ച നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി കേന്ദ്രം. ഇന്ത്യന്‍ ഭൂമിയില്‍ ആരും അതിക്രമിച്ച് കടന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. സര്‍വ്വകക്ഷി സമ്മേളനത്തില്‍ നടത്തിയ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എല്‍എസി മറികടക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യ ചെറുക്കുമെന്നും കുറച്ച് കാലമായി നടക്കുന്ന അത്തരം ശ്രമങ്ങളെ ചെറുത്തിട്ടുണ്ടെന്നും പിഐബി വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി. 

നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ചൈനീസ് പട്ടാളം ശ്രമിച്ചത് മൂലമാണ് ഗാല്‍വാന്‍ താഴ്വരയില്‍ സംഘര്‍ഷമുണ്ടായത്. ഇത്തരം ശ്രമങ്ങള്‍ ചെറുത്ത് നിന്നിട്ടും ചൈന തുടരുകയായിരുന്നു. സേനയുടെ ശക്തമായ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന് ഇന്ത്യയുടെ ഭൂമിയില്‍ ചൈനീസ് പട്ടാളത്തിന് കടക്കാനായില്ലെന്നാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചത്. അതിര്‍ത്തി കടന്നുള്ള ചൈനീസ് പട്ടാളത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഫലം കണ്ടിട്ടില്ല. അതിര്‍ത്തി ലംഘിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ശക്തമായി മറുപടി ധീരജവാന്മാര്‍ നല്‍കിയിട്ടുണ്ട്. അതിര്‍ത്തി സംരക്ഷിക്കാന്‍ സേന സുസജ്ജമാണെന്നും പ്രധാനമന്ത്രി വിശദമാക്കിയതായി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഏകപക്ഷീയമായി അതിര്‍ത്തി മാറ്റുവാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വിശദമാക്കുന്നു. ധീരജവാന്മാര്‍ അതിര്‍ത്തി കാക്കുമ്പോള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരം വിവാദങ്ങളും ജവാന്മാരുടെ മനോവീര്യത്തെ ബാധിക്കും. ഇത്തരം ഗൂഡശ്രമങ്ങളിലൂടെ രാജ്യത്തിന്‍റെ ഐക്യം തകരില്ലെന്നും പ്രധാനമന്ത്രി വിശദമാക്കുന്നു.