പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മസൂദ് അസ്ഹറിനെതിരെ നടപടിയെടുക്കുമെന്ന് യുഎസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയിരുന്നു.

ദില്ലി: തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ ചൈന എതിര്‍ക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയാണ് ഇക്കാര്യത്തില്‍ യുഎന്‍ തീരുമാനമെടുക്കുക. മുമ്പ് നാല് തവണ അസ്ഹര്‍ മസൂദിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തിയത്.

യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണ നല്‍കി. മാര്‍ച്ച് 13ന് മസൂദിനെ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രമേയം യുഎന്നില്‍ അവതരിപ്പിച്ചു. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചൈന പ്രമേയം അംഗീകരിക്കുന്നത് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന്, യുഎസും ഫ്രാന്‍സും ബ്രിട്ടനും ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയും പ്രമേയത്തെ അംഗീകരിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ തേടുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മസൂദ് അസ്ഹറിനെതിരെ നടപടിയെടുക്കുമെന്ന് യുഎസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയിരുന്നു.മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ പാകിസ്ഥാനുള്ള എതിര്‍പ്പാണ് ചൈനയെ സ്വാധീനിച്ചിരുന്നത്. മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യന്‍ നയതന്ത്ര വിജയമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 
കാണ്ഡഹാര്‍ വിമാനം റാഞ്ചിയ ഭീകവാദികളുടെ ആവശ്യത്തെ തുടര്‍ന്ന്

1999 ഡിസംബര്‍ 31നാണ് മസൂദ് അസ്ഹറിനെ ഇന്ത്യ മോചിപ്പിക്കുന്നത്. പിന്നീട് ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജെയ്ഷെ മുഹമ്മദ് എന്ന സംഘടനയാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. അതേസമയം, മസൂദ് അസ്ഹറിനും ജെയ്ഷെ മുഹമ്മദിനുമെതിരെയുള്ള ഇന്ത്യയുടെ ആരോപണങ്ങള്‍ പാകിസ്ഥാന്‍ അംഗീകരിച്ചിരുന്നില്ല.പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദാണെന്ന ഇന്ത്യയുടെ ആരോപണത്തിന് തെളിവുകളില്ലെന്നാണ് പാകിസ്ഥാന്‍ വാദം.