റഷ്യയുടേയും ചൈനയുടേയും സൈനിക മേധാവികളുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് ഈ സംഭവമെന്നാണ്  നിനോങ് എറിംഗ് ആരോപിക്കുന്നത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും നിനോങ് എറിംഗ്

നാച്ചോ: അരുണാചല്‍ പ്രദേശില്‍ നിന്ന് അഞ്ച് യുവാക്കളെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ. സുബാന്‍സിരി ജില്ലയില്‍ നിന്ന് അഞ്ച് യുവാക്കാളെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ട് പോയെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിംഗ് ആരോപിക്കുന്നത്. റഷ്യയുടേയും ചൈനയുടേയും സൈനിക മേധാവികളുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് ഈ സംഭവമെന്നാണ് നിനോങ് എറിംഗ് ആരോപിക്കുന്നത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും നിനോങ് എറിംഗ് എഎന്‍ഐയോട് പ്രതികരിച്ചു.

Scroll to load tweet…

അതേസമയം യുവാക്കളെ തട്ടിക്കൊണ്ട് പോയത് സംബന്ധിച്ച് ആരും ഔദ്യോഗികമായി പരാതിപ്പെട്ടിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പൊലീസിലോ കരസേനയിലോ ഇത് സംബന്ധിച്ച പരാതി രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഉള്‍വനങ്ങളില്‍ വേട്ടയാടാന്‍ പോയ ആളുകളെ അതിര്‍ത്തിയില്‍ വച്ച് ചൈനീസ് സേന പിടികൂടി വിട്ടയച്ച സംഭവം ഇതിന് മുന്‍പ് ഉണ്ടായിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയതായാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് സുബാന്‍സിരി പൊലീസ് സുപ്രണ്ട് കേനി ബാഗ്ര ദി ഹിന്ദുവിനോട് പ്രതികരിച്ചു. വേട്ടയ്ക്ക് പോയ താഗിന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് പേരെ ചൈനീസ് സേന നാച്ചോയ്ക്ക് സമീപത്ത് വച്ച് തട്ടിക്കൊണ്ട് പോയതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കാണാതായെന്ന് പറയുന്നലരുടെ കുടുംബമോ ബന്ധുക്കളോ ഇതുവരെ വരെ പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് കേനി ബാഗ്ര ദി ഹിന്ദുവിനോട് വ്യക്തമാക്കി. 

ആളുകളെ തട്ടിക്കൊണ്ട് പോയതായി വിവരമില്ലെന്നാണ് സേനയുടെ പ്രതികരണം. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ചൈനീസ് സേന നിയന്ത്രണ രേഖയ്ക്ക് സമീപം ഒരാളെ പിടികൂടി വിട്ടയച്ചിരുന്നു. രണ്ട് രാജ്യങ്ങളുടെ സേനാം അധികാരികള്‍ക്കിടയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇയാളെ വിട്ടയച്ചത്.