Asianet News MalayalamAsianet News Malayalam

അരുണാചൽ പ്രദേശിലും ചൈനീസ് കടന്നുകയറ്റമെന്ന് റിപ്പോർട്ട്; സാഹചര്യം നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ

ഇപ്പോൾ ലഡാക്കിനൊപ്പം ഉത്തരാഖണ്ഡിലും അരുണാചലിലും കടന്നുകയറ്റത്തിന് ശ്രമിക്കുമ്പോൾ കൂടുതൽ വഷളാവുകയാണ് ഇന്ത്യ-ചൈന ബന്ധം.

chinese intrusion in Arunachal Pradesh India monitoring situation
Author
Arunachal Pradesh, First Published Oct 31, 2021, 9:19 AM IST

ദില്ലി: അരുണാചൽ പ്രദേശിലും (Arunachal Pradesh) ചൈനീസ് (China) കടന്നുകയറ്റമെന്ന് റിപ്പോർട്ട്. അസാഫില മേഖലയിൽ പട്രോളിംഗും നിർമ്മാണ പ്രവൃത്തികളും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും, കടന്നുകയറ്റം ഉഭയകക്ഷി ചർച്ചകളെ വെല്ലുവിളിക്കുന്നതാണെന്നുമാണ് ഇന്ത്യൻ പ്രതികരണം (Indian Response). 

കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നടത്തിയ കടന്നുകയറ്റമാണ് വര്‍ഷങ്ങൾക്ക് ശേഷം ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമാക്കിയത്. പ്രതിരോധത്തിനിടയിൽ 20 ഇന്ത്യൻ സൈനികര്‍ വീരമൃത്യു വരിച്ചു. ലഡാക്കിലെ പാൻഗോഗ് തടാകത്തിന് അരുകിലേക്ക് വരെ ചൈനീസ് പട്ടാളമെത്തി. യുദ്ധസമാനമായ സാഹചര്യമായിരുന്നു പിന്നീടുള്ള മാസങ്ങൾ. യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് അരികിലെ മലമുകളിൽ ഇന്ത്യ താവളമുറപ്പിച്ചു. പീരങ്കികളും മിസൈലുകളും അടക്കം പ്രതിരോധ ശക്തികൂട്ടി. ഒടുവിൽ ചര്‍ച്ചയുടെ  പാതയിലേക്ക് ചൈനയെ എത്തിക്കാൻ ഇന്ത്യക്ക് സാധിച്ചു. 

ഇപ്പോൾ ലഡാക്കിനൊപ്പം ഉത്തരാഖണ്ഡിലും അരുണാചലിലും കടന്നുകയറ്റത്തിന് ശ്രമിക്കുമ്പോൾ കൂടുതൽ വഷളാവുകയാണ് ഇന്ത്യ-ചൈന ബന്ധം.

മുവായിരത്തി അഞ്ഞൂറോളം കിലോമീറ്റര്‍ വരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയിൽ കൂടുതൽ മേഖലകളിൽ തര്‍ക്കം ഉയര്‍ത്താനാണ് ഇപ്പോൾ ചൈനയുടെ നീക്കം. കഴിഞ്ഞ ഓഗസ്റ്റിൽ ഉത്തരാഖണ്ഡിലെ ബരാഹോട്ടിൽ ചൈനീസ് പട്ടാളം എത്തിയത് ആ നീക്കത്തിന്‍റെ ഭാഗമായി വിലയിരുത്തുന്നു. നൂറോളം ചൈനീസ് പട്ടാളക്കാരാണ് അന്ന് എത്തിയത്. ഒക്ടോബറിൽ അരുണാചലിലെ ബുംലാ യങ്സിയിലേക്കായിരുന്നു  ചൈനയുടെ നുഴഞ്ഞുകയറ്റം. ഇരുരാജ്യങ്ങളുടെയും സൈനികര്‍ അവിടെ മണിക്കൂറുകൾ മുഖാമുഖം നിന്നു.

ഉപരാഷ്ട്രപതി വെങ്കയ്യനായിഡു നടത്തിയ അരുണാചൽ സന്ദര്‍ശനത്തിന്‍റെ പേരിലും ചൈന വിവാദം ഉയര്‍ത്തി. അരുണാചൽ ഇന്ത്യയുടെ ഭാഗമായി അംഗീരിച്ചിട്ടില്ലെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യയുടെ അവിഭാജ്യഘടകമായ അരുണാചൽ സന്ദര്‍ശിക്കാൻ ചൈനയുടെ അനുമതി വേണ്ടെന്ന് ഇന്ത്യ തിരിച്ചടിച്ചു.

ലഡാക്കിലെ പ്രധാന മേഖലകളിൽ നിന്ന് ചൈനീസ് പട്ടാളം പിന്മാറിയെങ്കിലും പ്രകോപന നീക്കം ചൈന തുടരാൻ തന്നെയാണ് സാധ്യത. ഭൂട്ടാനുമായുള്ള ചൈനയുടെ സഹകരണവും മറ്റ് രാജ്യങ്ങളുമായി ചൈന കൂടുതൽ അടുക്കുന്നതും ഇന്ത്യ കരുതലോടെ നിരീക്ഷിക്കുന്നു. സാമ്പത്തിക ശക്തിയായി അതിവേഗം വളരുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തെ സാമ്പത്തിക ശക്തികാൻ മത്സരിക്കുക ചൈന. ഇന്ത്യ-അമേരിക്ക ബന്ധം, ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യക്ക് കിട്ടുന്ന അംഗീകാരം ഇതോക്കെ തന്നെയാണ് ചൈനയെ പ്രകോപിപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios