Asianet News MalayalamAsianet News Malayalam

ലഡാക് അതിര്‍ത്തിയിൽ ചൈനീസ് പ്രകോപനം തുടരുന്നു; നാളെ വീണ്ടും കമാൻഡർ തല ചര്‍ച്ച

ഇന്ത്യൻ മേഖലയിൽ നിന്ന് പിന്മാറണമെന്ന കരസേനയുടെ ആവശ്യം ഇതുവരെ ചൈനീസ് പട്ടാളം അംഗീകരിച്ചിട്ടില്ല. ഈമാസം ആദ്യവാരം ഇതേചൊല്ലി ഇരുരാജ്യങ്ങളിലെ സൈനികര്‍ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.

Chinese provocation in ladakh continues another commander level meeting scheduled
Author
Delhi, First Published May 26, 2020, 12:21 PM IST

ദില്ലി: ലഡാക് അതിര്‍ത്തിയിൽ ചൈനയുടെ പ്രകോപനം തുടരുന്ന പശ്ചാതലത്തിൽ നാളെ കമാൻഡർ തല ചര്‍ച്ച വീണ്ടും നടക്കും. ഇരുരാജ്യങ്ങളിലെയും മിലിട്ടറി കമാൻഡർമാരുടെ ചര്‍ച്ചയാണ് നടക്കാൻ പോകുന്നത്. ഇത് ആറാം തവണയാണ് കമാൻഡര്‍തല ചര്‍ച്ച നടക്കുന്നത്. അതിര്‍ത്തിയിൽ നിന്ന് ഒന്നു മുതൽ മൂന്ന് കിലോമീറ്റര്‍ ഇന്ത്യൻ മേഖലയിലേക്ക് കയറി ചൈന ടെന്‍റുകൾ സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തതോടെയാണ് സ്ഥിതി സങ്കീര്‍ണമാകുന്നത്.  

ഇന്ത്യൻ മേഖലയിൽ നിന്ന് പിന്മാറണമെന്ന കരസേനയുടെ ആവശ്യം ഇതുവരെ ചൈനീസ് പട്ടാളം അംഗീകരിച്ചിട്ടില്ല. ഈമാസം ആദ്യവാരം ഇതേചൊല്ലി ഇരുരാജ്യങ്ങളിലെ സൈനികര്‍ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. പ്രശ്നത്തിൽ നയതന്ത്ര-രാഷ്ട്രീയ പരിഹാരമാണ് വേണ്ടെതെന്ന ആവശ്യം കൂടി ശക്തമായിട്ടുണ്ട്. അതിനിടെയാണ് ആറാംതവണ കമാൻഡർതല ചര്‍ച്ച നടക്കാൻ പോകുന്നത്.

ചൈനീസ് സൈനിക താവളത്തിന് 500 മീറ്റര്‍ വ്യത്യാസത്തിൽ ഇന്ത്യയും സൈനിക വിന്യാസം നടത്തിയിരുന്നു. കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലഡാക്ക് അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനം കൂടുന്നത്. കഴിഞ്ഞ 4 മാസത്തിനിടെ ലഡാക്കിൽ 130 തവണ ചൈന അതിര്‍ത്തി ലംഘിച്ചു.

അതിര്‍ത്തി ഇന്ത്യൻ ഭാഗത്തേക്ക് ചൈന പതിയെ നീക്കാനാണ് ശ്രമിക്കുന്നത്.  800 മുതൽ 1000 വരെ സൈനികരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഹെലികോപ്റ്റര്‍ നിരീക്ഷണവും ശക്തമാക്കി. ഇതോടെയാണ് ഇന്ത്യയും അത്ര തന്നെ സൈനികരെ 500 മീറ്റര്‍ വ്യത്യാസത്തിൽ വിന്യസിച്ചത്. പാംഗോഗ് മേഖലയിലായിരുന്നു മെയ് ആദ്യവാരത്തിൽ ചൈന പ്രകോപനമുണ്ടാക്കിയതെങ്കിൽ ഇപ്പോഴത് ലഡാക്കിലെ ഗാൽവാൻ നദീതടങ്ങളിലേക്കും വ്യാപിച്ചു. 

അഞ്ച് തവണ സൈനിക യൂണിറ്റ് തലവന്മാര്‍ തമ്മിൽ ചര്‍ച്ച നടത്തിയെങ്കിലും അവകാശവാദം ശക്തമാക്കാനാണ് ചൈനീസ് പട്ടാളം ശ്രമിച്ചത്. ഇത് സ്ഥിതി സങ്കീര്‍ണമാകുന്നു. വെള്ളിയാഴ്ച കരസേന മേധാവി ജനറൽ എം എം നരവനെ ലഡാക്കിലെത്തി സ്ഥിതി വലിയിരുത്തിയിരുന്നു. 2015ന് ശേഷമാണ് പടിഞ്ഞാറൻ മേഖലയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം കൂടുന്നത്. 2015ന് ശേഷം 75 ശതമാനം അതിര്‍ത്തി ലംഘനം കൂടിയെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയിൽ സൈനിക ശക്തി കൂട്ടിയെങ്കിലും രാഷ്ട്രീയ - നയതന്ത്ര തലത്തിലാണ് പ്രശ്നപരിഹാരം ഉണ്ടാകേണ്ടതെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നു.

Follow Us:
Download App:
  • android
  • ios