ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പഴയ ചപ്പാത്തി വിളമ്പിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഭക്ഷ്യസുരക്ഷ ഓഫിസര്‍ മനീഷ് സ്വാമിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ബുധനാഴ്ച ഇന്‍ഡോറില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് പുതിയ ചപ്പാത്തി നല്‍കിയില്ലെന്നാരോപിച്ചാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.

സംഭവം സോഷ്യല്‍ മീഡിയിയല്‍ വിവാദമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വിഷയം അറിഞ്ഞത്. ഉടന്‍ തന്നെ കലക്ടറോട് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. റുഖി സുഖി ചപ്പാത്തി തിന്നതുകൊണ്ട് തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണമായി തോന്നിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ താന്‍ കണക്കിലെടുക്കാറില്ല. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ സ്വയം സമര്‍പ്പിച്ചതാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചെടുത്തതില്‍ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ചു. തന്നെ സസ്‌പെന്‍ഡ് ചെയ്തത് എന്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.