ദില്ലി: റഫാൽ കേസിൽ സുപ്രീംകോടതിയും 'ചൗകീദാർ ചോർ ഹേ' എന്ന് കണ്ടെത്തിയതായുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. നേരത്തേ സുപ്രീംകോടതിയിൽ രാഹുൽ നൽകിയ സത്യവാങ്മൂലം ഖേദപ്രകടനം മാത്രമാണെന്നും അത് മാപ്പ് പറച്ചിലല്ലെന്നും ബിജെപി വാദിച്ചു.

'ചൗകീദാർ ചോർ ഹേ' എന്നത് രാഷ്ട്രീയമുദ്രാവാക്യമാണെന്ന രാഹുലിന്‍റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. നിങ്ങളുടെ രാഷ്ട്രീയം ഞങ്ങൾക്ക് കേൾക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം തിങ്കളാഴ്ച എഴുതി നൽകാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‍വിയോട് നിർദേശിച്ചു.

'ചൗകീദാർ ചോർ ഹേ' എന്ന് താൻ മാസങ്ങളായി പറയുന്ന കാര്യം സുപ്രീംകോടതിയും അംഗീകരിച്ചു എന്നായിരുന്നു ഒരു തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ ഇത് കോടതിയലക്ഷ്യം തന്നെയാണെന്നും രാഹുൽ ഗാന്ധി കോടതി നോട്ടീസ് നൽകിയിട്ടും മാപ്പ് പറയുകയല്ല, വെറും ഖേദപ്രകടനം മാത്രമാണ് നടത്തിയതെന്നുമായിരുന്നു ബിജെപി നേതാവ് മീനാക്ഷി ലേഖിക്ക് വേണ്ടി ഹാജരായ അഭിഭാഷക രുചി കോഹ്‍ലി വാദിച്ചത്. 

'കോടതി അലക്ഷ്യം നടത്തിയ ആ ആൾ' എന്ന് പറഞ്ഞ് മീനാക്ഷി ലേഖിയുടെ അഭിഭാഷക വാദം തുടങ്ങിയപ്പോൾ ചീഫ് ജസ്റ്റിസ് 'ആരാണ് ആ ആൾ' എന്ന് ചോദിച്ചു. അതിന് 'മിസ്റ്റർ ഗാന്ധി' എന്ന് അഭിഭാഷക മറുപടി നൽകി. 'ഏത് ഗാന്ധി' എന്ന് ചീഫ് ജസ്റ്റിസ്. 'രാഹുൽ ഗാന്ധി' എന്ന് അഭിഭാഷക. 'അങ്ങനെ വ്യക്തമായി പറയൂ, രാജ്യത്തെ എല്ലാ ഗാന്ധിമാരും രാഹുൽ ഗാന്ധിയല്ല' എന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മറുപടി. 

സുപ്രീംകോടതി വിധി വായിക്കാതെയാണ് രാഹുൽ ഗാന്ധി 'ചൗകിദാർ ചോർ ഹേ' എന്ന പ്രസ്താവന നടത്തിയതെന്ന വാദം ശരിയല്ലെന്ന് ലേഖിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. റഫാൽ കേസിൽ ചില രേഖകൾ പരിഗണിക്കാമെന്ന വിധി പുറപ്പെടുവിച്ച ദിവസം ഒന്നിലധികം ഇടങ്ങളിൽ രാഹുൽ ഈ പ്രസ്താവന ആവർത്തിച്ചു. ഇത് ബോധപൂർവമാണെന്നും രുചി കോഹ്‍ലി വാദിച്ചു. 

നിങ്ങൾ തെറ്റായ പ്രസ്താവന നടത്തി അതിനെ ന്യായീകരിക്കുകയാണോ എന്നായിരുന്നു മനു അഭിഷേക് സിംഗ്‍വിയോട് കോടതിയുടെ ചോദ്യം. രാഹുലിന്‍റെ പ്രസ്താവന തെറ്റായാണ് ഹർജിക്കാർ കോടതിക്ക് മുമ്പാകെ അവതരിപ്പിച്ചതെന്ന് സിംഗ്‍വി മറുപടി നൽകി. അപ്പോഴേക്ക് മീനാക്ഷി ലേഖിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി എത്തി. രാഹുൽ കോടതിയെത്തന്നെ അപമാനിക്കുകയാണെന്നും രാഹുൽ നിരുപാധികം മാപ്പ് പറഞ്ഞേ തീരൂവെന്നും റോത്തഗി ആവശ്യപ്പെട്ടു. 

അപ്പോൾ കോടതി, സിംഗ്‍വിക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു എന്ന് സിംഗ്‍വി. ഖേദപ്രകടനത്തിനാണോ 22 പേജ് സത്യവാങ്മൂലം എഴുതിത്തന്നതെന്ന് കോടതി. പോര, നിരുപാധികം മാപ്പ് തന്നെ പറയണമെന്ന് റോത്തഗി. ഖേദപ്രകടനം മാപ്പപേക്ഷ തന്നെയെന്ന് സിംഗ്‍‍വി. ഒടുവിൽ നിരുപാധികം മാപ്പ് പറയുന്നുവെന്ന് രാഹുലിന് വേണ്ടി സിംഗ്‍വി കോടതിയിൽ പറഞ്ഞു.

ഈ സത്യവാങ്മൂലം എഴുതി നൽകാൻ കോടതി സിംഗ്‍വിയോട് നിർദേശിച്ചു. തിങ്കളാഴ്ചത്തേക്ക് രേഖാമൂലം നൽകാനാണ് കോടതി നി‍ർദേശം.