പ്രതിഷേധം തണുപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ചട്ടം രൂപീകരിക്കും മുമ്പ് പ്രതിഷേധക്കാരുടെ നിര്‍ദ്ദേശങ്ങൾ കൂടി കേൾക്കാമെന്നാണ് നിലപാട്. 

ദില്ലി: പൗരത്വ ദേദഗതി നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ച് പ്രതിഷേധം തണുപ്പിക്കാൻ ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ചട്ടം രൂപീകരിക്കുന്നതിന് മുമ്പ് പ്രതിഷേധക്കക്കാരുടെ നിർദ്ദേശങ്ങളും കൂടി ചർച്ച ചെയ്യാമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം വ്യക്തമാക്കി. അക്രമവും പ്രതിഷേധവും വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നത്. 

 പൗരത്വ ഭേദഗതി നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകി എട്ട് ദിവസത്തിന് ശേഷവും പ്രാബല്യത്തിൽ വന്നിട്ടില്ല. ചട്ടം രൂപീകരിക്കുന്നത് വൈകിപ്പിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ആലോചനയെന്നാണ് വിവരം. ചട്ടം രൂപീകരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം തേടാൻ ഒരു ഉന്നതതല സമിതി രൂപീകരിക്കാനും സാധ്യതയുണ്ട്.

നിയമത്തിൽ നിന്ന് പിൻവാങ്ങുന്ന പ്രശ്നമില്ലെന്ന് വ്യക്തമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പക്ഷെ നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ച് പ്രതിഷേധം തണുപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് പ്രതിഷേധക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും നിര്‍ദ്ദേശങ്ങളുണ്ടെങ്കിൽ അത് ചട്ടം രൂപീകരിക്കുമ്പോൾ ഉൾപ്പെടുത്താമെന്നുമുള്ള നിര്‍ദ്ദേശം ആഭ്യന്തര വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. 

മത നേതാക്കളുമായി സർക്കാർ പ്രതിനിധികൾ കൂടിക്കാഴ്ച നടത്താനുള്ള നിര്‍ദ്ദേശവും ആഭ്യന്തരമന്ത്രാലത്തിന്‍റെ പരിഗണനയിലുണ്ട്. ബില്ലിനെ പാർലമെൻറിൽ പിന്തുണച്ച പാർട്ടികൾ പലതും ഇപ്പോൾ പിന്നോട്ടു പോകുകയാണ്. എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവിൻറെ അദ്ധ്യക്ഷനും ബീഹാർ മുഖ്യമന്തിയുമായ നിതീഷ്കുമാറും പൗരത്വ രജിസ്റ്ററിനെതിരെ രംഗത്തു വന്നിട്ടുണ്ട്. 

നിയമത്തെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. അതേ സമയം പ്രതിഷേധങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികൾ. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്‍റെതടക്കം തീരുമാനം. 

അതെ സമയം രാജ്യത്ത് മാറ്റങ്ങൾ നടപ്പാക്കുമ്പോൾ ഒരുപാട് എതിർപ്പ് നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. കുറെ ആരോപണങ്ങങ്ങളും അധിക്ഷേപവും കേൾക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു.