ദില്ലി: പൗരത്വ നിയമഭേദഗതി ബില്ല് നിയമമായി രാഷ്ട്രപതി അംഗീകാരം നൽകി ഒപ്പു വച്ചിട്ടും വിജ്ഞാപനം വൈകുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ അമ്പതിലധികം ഹർജികൾ ഉള്ളതിനാൽ വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രം അന്തിമവിജ്ഞാപനം പുറത്തിറക്കിയാൽ മതിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം. ദേശവ്യാപകമായി പൗരത്വ റജിസ്റ്റർ ഉടനുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കെ റെഡ്ഡി പറയുന്നതും പ്രതിഷേധം തണുപ്പിക്കാനാണ്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവർക്ക് മുമ്പാകെ 59 ഹർജികളാണ് പൗരത്വ നിയമഭേദഗതിയെ എതിർത്ത് വന്നിട്ടുള്ളത്. ഇവയിൽ ജനുവരി 22-ാം തീയതി വാദം കേൾക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്.

ഏതെങ്കിലും സാഹചര്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടുകയോ പ്രതിരോധിക്കേണ്ട സാഹചര്യമുണ്ടാവുകയോ ചെയ്താൽ, അത് സർക്കാരിന് തിരിച്ചടിയാകും. അതിനാൽ ജനുവരി 22-ാം തീയതി വരെ സർക്കാരിന് വിജ്ഞാപനം ഇറക്കാതെ കാത്തിരിക്കാമെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പൗരത്വ നിയമഭേദഗതിയിൽ ഒരു സ്റ്റേ ഏർപ്പെടുത്താൻ സുപ്രീംകോടതി വിസമ്മതിച്ച സാഹചര്യത്തിൽ ആർക്കൊക്കെ പൗരത്വത്തിന് അപേക്ഷിക്കാമെന്നും, എങ്ങനെ അപേക്ഷിക്കണമെന്നും യോഗ്യതകളെന്തെന്നും, ഏത് തീയതിയ്ക്ക് അകം അപേക്ഷിക്കണമെന്നുമുള്ള ഉത്തരവ് കേന്ദ്രസർക്കാരിന് പുറത്തിറക്കാം.

ഡിസംബർ 31, 2014-ന് മുമ്പ് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്സി, ജൈൻ, ബുദ്ധിസ്റ്റ് മത സമൂഹങ്ങളിൽ നിന്നുള്ളവർക്ക്, അതായത് മുസ്ലിങ്ങളൊഴികെയുള്ളവർക്ക്, പൗരത്വം നൽകാമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമഭേദഗതി.

ഡിസംബർ 12- അർദ്ധരാത്രിയോടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പൗരത്വ നിയമഭേദഗതിക്ക് അനുമതി നൽകി ഒപ്പുവച്ചത്. എന്നാൽ ഇത് എങ്ങനെ നിയമമായി നടപ്പാക്കണമെന്ന് വ്യക്തമാക്കുന്ന ചട്ടങ്ങളടങ്ങിയ വിജ്ഞാപനം ഇതുവരെ കേന്ദ്രസർക്കാർ പ്രസിദ്ധീകരിക്കാതെ മാറ്റിവയ്ക്കുന്നത്. 

പക്ഷേ, പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ഉള്ള ആശങ്കകളും സംശയങ്ങളും അവ്യക്തതകളും ദൂരീകരിക്കാൻ എന്ത് നടപടിയാണെടുക്കുക എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഉടൻ അത്തരത്തിലുള്ള പരസ്യ ക്യാംപെയ്നുകൾ നടത്തുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ പറയുകയും ചെയ്തിരുന്നു. 

ഇന്ത്യയിൽ നിന്ന് ഒരു വിദേശിയെയും പുറത്താക്കുന്ന തരത്തിലുള്ള ഒരു ചട്ടങ്ങളും പൗരത്വ നിയമഭേദഗതിയിൽ ഇല്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നത്. വിദേശികളെ ഇന്ത്യയിൽ നിന്ന് നാടുകടത്തുന്ന നടപടികളെല്ലാം 1946-ലെ ഫോറിനേഴ്സ് ആക്ടും, 1920-ലെ പാസ്പോർട്ട് ആക്ടും അനുസരിച്ചാകും നടത്തുക എന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.