ദില്ലി: പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധം ദില്ലിയില്‍ വീണ്ടും ശക്തമാകുന്നു. പ്രതിഷേധക്കാർ ജുമാമസ്ജിദിന് മുന്നില്‍ തടിച്ചുകൂടി. ദില്ലി ഗേറ്റിനടുത്ത് പ്രതിഷേക്കാർ റോഡിൽ നിസ്കരിക്കാൻ തയ്യാറെടുക്കുകയാണ്. ഒന്നാം നമ്പര്‍ ഗേറ്റിന് സമീപമാണ് പ്രതിഷേധം തുടങ്ങുന്നത്. ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്. ജുമാ നമസ്കാരത്തിന് ശേഷം മസ്ജിദിന്റെ ഒന്നാം നമ്പർ ഗേറ്റ് ജനസാഗരമാകുകയായിരുന്നു. ആരാധനക്കായി പള്ളിയിലെത്തിയവർ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പുറത്തേക്കിറങ്ങി. ദേശീയ പതാക വീശിയും ഭരണഘടന ഉയർത്തിക്കാട്ടിയും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു. പ്രതിഷേധക്കാരിൽ ഒരു വിഭാഗം റോഡിലൂടെ മുദ്രാവാക്യം മുഴക്കി നീങ്ങി. രണ്ടാം നമ്പർ ഗേറ്റിലൂടെയും പ്രതിഷേധക്കാർ എത്തുകയെന്ന വിലയിരുത്തലിൽ പോലീസ് സന്നാഹം അവിടെ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.എന്നാൽ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ഒന്നാം നമ്പർ ഗേറ്റിലൂടെ പ്രതിഷേധക്കാർ പുറത്തേക്ക് വരികയായിരിന്നു.

അതിനിടെ ദില്ലിയിലെ സീലംപുരിലും വീണ്ടും അക്രമങ്ങള്‍ നടന്നു. നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് നടത്തിയ പ്രതിഷേധ റാലി അക്രമാസക്തമായി. കല്ലേറിൽ എസിപിക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. ജന്തർ മന്ദിറിലും പ്രതിഷേധം. സേലംപൂർ, മുസ്തഫാബാദ്, ബജൻപുര തുടങ്ങിയ സ്ഥലങ്ങിൽ നിന്നുള്ള ആളുകൾ റാലിയായി ജന്തർ മന്ദിറിലേക്ക് എത്തുകയാണ്. ജമാ മസ്ജിദ് രണ്ടാം ഗേറ്റിന് സമീപമുള്ള റോഡിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ  മാറ്റിയാണ് പ്രതിഷേധക്കാർ ജന്തർ മന്ദിറിലേക്ക് മാർച്ച് നടത്തുന്നത്. 

ബിം ആര്‍മി പ്രവര്‍ത്തകരും പ്രതിഷേധിക്കുന്നുണ്ട്. പ്രതിഷേധത്തിനിടെ ദില്ലിയില്‍ ബിം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇദ്ദേഹം പിന്നീട് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടുവെന്ന വിവരങ്ങളാണ് പുറത്ത് വന്നത്. താന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും സുരക്ഷിതനാണെന്നും വ്യക്തമാക്കി പിന്നീട് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശില്‍ നിന്നും ഇന്ന് വ്യാപക ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഖൊരക്പൂരിലും ബുലന്ത്ശഹറിലും വലിയ ആക്രമണങ്ങളുണ്ടായി. ഉത്തര്‍പ്രദേശില്‍ ഇന്ന് വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്‍റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാസന്നാഹത്തെ വിന്യസിച്ചിരുന്നെങ്കിലും പലയിടത്തും പ്രതിഷേധം ആക്രമാസക്തമായി. 

യുപിയിലെ ബറൈച്ചിലും, ഗാസിയാബാദിലും സംഘർഷമുണ്ടായി. 14 ജില്ലകളിലെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. പ്രതിഷേധക്കാരെ പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പ്രതിഷേധക്കാര്‍ക്കൊപ്പം നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ചിലയിടങ്ങളില്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. അതിനിടെ ദില്ലിയിൽ ഇന്ത്യാഗേറ്റ്, ജന്തർമന്തർ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് പൗരൻമാരോട് അമേരിക്ക ആവശ്യപ്പെട്ടു.