Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദഗതി; എതിർ ഹർജികൾ സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം ഹർജികളാണ് സുപ്രീം കോടതിക്ക്  മുന്നിൽ എത്തിയത്. ഇതിൽ അമ്പത് ഹർജികൾ അസമിൽ നിന്നും മൂന്ന് എണ്ണം ത്രിപുരയിൽ നിന്നുമാണ്.  

citizenship amendment act supreme court will consider the counter petitions today
Author
First Published Dec 6, 2022, 4:16 AM IST

ദില്ലി: പൗരത്വ നിയമ ഭേദഗതികൾക്ക് എതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമം ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ മുസ്ലിം ലീഗിന്റെ ഹർജി പ്രധാന ഹർജിയായി സുപ്രീം കോടതി കേൾക്കും.  

അസം, ത്രിപുര സംസ്ഥാനങ്ങളിൽ നിന്നുള്ള ഹർജികൾ പ്രത്യേകമായി കേൾക്കാനും സുപ്രീം കോടതി തീരുമാനിച്ചു. മുസ്ലിം ലീഗിന്റെ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ആയ പല്ലവി പ്രതാപിനെ ഹർജിക്കാരുടെ നോഡൽ ഓഫീസറായും എതിർകക്ഷികളുടെ  നോഡൽ ഓഫീസറായി അഭിഭാഷകൻ കാനു അഗർവാളിനെയും  കോടതി നിയമിച്ചിരുന്നു. കേസിലെ വാദം കേൾക്കൽ സുഗമമാക്കാനാണ് ഇത്തരം ഒരു ക്രമീകരണം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം ഹർജികളാണ് സുപ്രീം കോടതിക്ക്  മുന്നിൽ എത്തിയത്. ഇതിൽ അമ്പത് ഹർജികൾ അസമിൽ നിന്നും മൂന്ന് എണ്ണം ത്രിപുരയിൽ നിന്നുമാണ്.  

കസ്റ്റഡി മരണ കേസില്‍ ഗുജറാത്ത് ഹൈക്കോടതി വാദം കേള്‍ക്കുന്നത് ആരംഭിച്ചതിനെതിരേ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നൽകിയ ഹർജിയും  സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ കൂടുതല്‍ തെളിവുകള്‍ കൂട്ടിച്ചേര്‍ക്കണമെന്ന് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയിൽ നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നതിന് മുന്‍പേ ഹൈക്കോടി  വാദം ആരംഭിച്ചത് ചോദ്യം ചെയ്താണ് ഹർജി.  കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട 2019 ജൂലൈയിലാണ് ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു . പൊലീസ് അതിക്രമത്തെ തുടര്‍ന്നല്ല പ്രഭുദാസ് കൊല്ലപ്പെട്ടതെന്ന ഡോക്ടറുടെ വെളിപ്പെടുത്തല്‍ തെളിവായി കൂട്ടിച്ചേര്‍ക്കണം എന്നു ചൂണ്ടിക്കാട്ടി സഞ്ജീവ് ഭട്ട് വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി നിരസിച്ചിരുന്നു. ഈ ആവശ്യം ഗുജറാത്ത് ഹൈക്കോടതിയും തള്ളിയതോടെയാണ്  സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ സമീപിച്ചത് . 

അതിനിടെ, വ്യാപാര തര്‍ക്കങ്ങളില്‍ വാദം കേള്‍ക്കുന്നതിന് മുന്‍പേ ഫീസ് ചുമത്തേണ്ടത് അനിവാര്യമാണെന്ന് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് ഇന്നലെ അഭിപ്രായപ്പെട്ടു. കൊമേഴ്‌സ്യല്‍ കേസുകളില്‍ കോടതിയിലെത്തുന്ന പല ഹര്‍ജികളും ബാലിശമാണ്. ഇത് കോടതിയുടെ വിലപ്പെട്ട സമയം അപഹരിക്കുകയും ചെയ്യുന്നു. അതിനാല്‍ വാണിജ്യ സംബന്ധമായ കേസുകള്‍ പരിഗണിക്കുന്നതിന് മുന്‍പ് തന്നെ അഞ്ചു കോടി വരെ കോടതിയില്‍ കെട്ടിവെക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തേണ്ട സമയം ആയിരിക്കുന്നു. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയാല്‍ ഈ തുക തിരിച്ചു നല്‍കില്ലെന്ന വ്യവസ്ഥയും വേണമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 
 

Follow Us:
Download App:
  • android
  • ios