Asianet News MalayalamAsianet News Malayalam

ദേശീയ പൗരത്വ നിയമഭേദഗതി ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കും

അതേ സമയം ലോക്സഭ പാസാക്കിയ ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. അസമിൽ പന്ത്രണ്ടു മണിക്കൂർ ബന്ദ് പലയിടത്തും അക്രമാസക്തമായി.

Citizenship Amendment Bill faces Rajya Sabha test: How the numbers stack up
Author
New Delhi, First Published Dec 11, 2019, 6:28 AM IST

ദില്ലി: ലോക്സഭ പാസാക്കിയ ദേശീയ പൗരത്വ നിയമഭേദഗതി ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കും. ആറു മണിക്കൂർ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. എൻഡിഎയിലെ 102 എംപിമാർ ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്. അണ്ണാ ഡിഎംകെ, ബിജു ജനതാദൾ എന്നിവയുടെ പിന്തുണ കൂടി കിട്ടിയാൽ ബിൽ പാസാകും. ബില്ലിന് പ്രതിപക്ഷം നിരവധി ഭേദഗതികൾ നൽകിയിട്ടുണ്ട്.
രാജ്യസഭയിൽ അനുകൂലിക്കില്ലെന്ന് ശിവസേന വ്യക്തമാക്കി. ബില്ല് പാസ്സായാൽ കോടതിയെ സമീപിക്കാനാണ് ചില കക്ഷികളുടെ തീരുമാനം. മുസ്ലിം ലിഗ് എംപിമാർ ഇന്നലെ അഭിഭാഷകനായ കപിൽ സിബലിനെ കണ്ട് ഉപദേശം തേടി. 

അതേ സമയം ലോക്സഭ പാസാക്കിയ ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. അസമിൽ പന്ത്രണ്ടു മണിക്കൂർ ബന്ദ് പലയിടത്തും അക്രമാസക്തമായി. ബില്ലിനെതിരെ എൻഇഎസ്ഒ ( നോർത്ത് ഈസ്റ്റ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ, എഎഎസ്‍യു (ആൾ ആസാം സ്റ്റുഡന്‍റസ് യൂണിയൻ) എന്നീ വിദ്യാർത്ഥി സംഘടനകളാണ് അസമിൽ ബന്ദിന് ആഹ്വാനം ചെയ്തത്. അസമിലെ ദിബ്രുഗഢിൽ വിഘടനവാദി സംഘടനയായ ഉൾഫയും പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി പതാക ഉയർത്തിയെന്ന റിപ്പോർട്ടുണ്ട്.

അസം ജാതിയബാദി യുവ ഛാത്ര പരിഷത്ത്  ജനറൽ സെക്രട്ടറി പലാഷ് ചങ്മായിയെ സെക്രട്ടേറിയറ്റിലേക്ക് കറുത്ത കൊടിയുമായി പ്രതിഷേധം നയിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആൾ അസം സ്റ്റുഡന്‍റസ് അസോസിയേഷൻ പ്രവർത്തകർ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പന്തം കൊളുത്തി പ്രകടനങ്ങൾ നടത്തി. പൗരത്വബില്ലിന്‍റെ പകർപ്പ് കീറിയെറിഞ്ഞു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്നലെ പൊലീസ് ലാത്തിവീശിയിരുന്നു. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അവകാശം കവരില്ല എന്ന അമിത്ഷായുടെ ഉറപ്പും പ്രതിഷേധം തണുപ്പിച്ചിട്ടില്ല. മണിപ്പൂരിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബില്ല് പശ്ചിമബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മമതാ ബാനർജി വ്യക്തമാക്കി കഴിഞ്ഞു. രാജ്യസഭയിൽ ബില്ല് നാളെ വരാനിരിക്കെ ഇടതുപക്ഷം പാർ‍ലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ചു. കോടതിയെ സമീപിക്കുമെന്ന് പല പ്രതിപക്ഷ പാർട്ടികളും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios