ദില്ലി: ദേശീയ പൗരത്വ നിയമഭേദഗതി ബില്ല് ഇന്ന് രാജ്യസഭയുടെ പരിഗണനയ്ക്ക് വരുമ്പോൾ എൻഡിഎ, യുപിഎ സഖ്യങ്ങളുടെ ഒപ്പം ആരൊക്കെയുണ്ട് എന്നത് നിർണായകമാണ്. 12 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ബില്ല് ലോക്സഭ പാസ്സാക്കിയത്. രാജ്യസഭയിലും അത്തരം നീണ്ട ചർച്ചകൾ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ബില്ല് പരിഗണിക്കുക.

ബില്ല് പാസ്സാകുമെന്ന കാര്യത്തിൽ ഭരണകക്ഷിയായ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നാണ് സൂചന. ലോക്സഭയിൽ മികച്ച ഭൂരിപക്ഷത്തോടെയാണ് ബില്ല് പാസ്സായത്. ലോക്സഭയിലെ ആൾബലം ഈ ഭൂരിപക്ഷത്തിന് ബിജെപിയെ സഹായിക്കുകയും ചെയ്തു. പക്ഷേ, രാജ്യസഭയിൽ ആ ഭൂരിപക്ഷം ബിജെപിക്കില്ല. അതുകൊണ്ട് തന്നെ കടമ്പ എളുപ്പവുമാകില്ല. പക്ഷേ, തികഞ്ഞ തയ്യാറെടുപ്പോടെയാണ് അമിത് ഷാ ബില്ലുമായി പാർലമെന്‍റിലെത്തിയത്. ഏത് വിധേനയും ബില്ല് പാസ്സാക്കുമെന്ന ഉറപ്പോടെ. 

311 വോട്ടുകളാണ് ബില്ലിന് അനുകൂലമായി ലോക്സഭയിൽ വീണത്. എതിരെ 80 വോട്ടുകൾ മാത്രം. 

നിലവിൽ 240 പേരാണ് രാജ്യസഭയുടെ അംഗബലം. കേവലഭൂരിപക്ഷത്തിന് 121 പേർ വേണമെന്നർത്ഥം. എൻഡിഎക്ക് പിന്തുണയുമായി അണ്ണാഡിഎംകെ, ജെഡിയു, അകാലിദൾ എന്നീ പാർട്ടികളുണ്ട്. ഇപ്പോൾത്തന്നെ 116 ആയി അംഗബലം. 14 പേരുടെ പിന്തുണ കൂടി എൻഡിഎ പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ 130 ആയി അംഗബലം ഉയരും. വോട്ടെടുപ്പിലെത്തുമ്പോൾ എളുപ്പത്തിൽ ബില്ല് പാസ്സാകുമെന്ന ഉറപ്പ് ബിജെപിക്കും അമിത് ഷായ്ക്കും ഉണ്ട്. 

14 പേരുടെ പിന്തുണ എൻഡിഎ പ്രതീക്ഷിക്കുമ്പോൾ, അതിൽ 3 ശിവസേന അംഗങ്ങളുമുണ്ട്. മഹാരാഷ്ട്രയിൽ ഭരണം പങ്കിടുന്ന കോൺഗ്രസ് വിരട്ടിയതോടെ, ശിവസേന തൽക്കാലം നിലപാടിൽ മലക്കം മറിഞ്ഞിരിക്കുകയാണ്. ലോക്സഭയിൽ ബില്ലിന് അനുകൂലമായാണ് ശിവസേന വോട്ട് ചെയ്തത്. രാജ്യസഭയിൽ എന്ത് നിലപാടെടുക്കണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല എന്നാണ് സേന പറയുന്നത്. ഇനി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ സേന തീരുമാനിച്ചാലും കേവലഭൂരിപക്ഷത്തിനുള്ള ആകെ അംഗബലം കുറയുമെന്നതിനാൽ ബിജെപിക്ക് ഭയപ്പെടേണ്ടതില്ല.

ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായികിന്‍റെ ബിജെഡിയുടെ ഏഴ് അംഗങ്ങൾ, ആന്ധ്രാ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന്‍റെ രണ്ട് പേർ, ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയുടെ രണ്ട് പേർ എന്നിവരും ഈ 14 പേരിൽ പെടും.

യുപിഎയുടെ മുന്നിലെ എണ്ണം എങ്ങനെ?

കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎയ്ക്ക് 64 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. തൃണമൂൽ, സമാജ്‍വാദി പാർട്ടി, തെലങ്കാന രാഷ്ട്ര സമിതി, സിപിഎം എന്നീ പാർട്ടികളടക്കം 46 പേരുടെ പിന്തുണയാണ് യുപിഎ പ്രതീക്ഷിക്കുന്നത്. അപ്പോൾ ആകെ എണ്ണം 110. കേവലഭൂരിപക്ഷത്തിന് പത്തെണ്ണം കുറവ്. 

എന്നാൽ അമർ സിംഗ് അടക്കമുള്ള വൃദ്ധരായ ചില അംഗങ്ങൾ സഭയിലെത്തില്ലെന്നാണ് കരുതുന്നത്. ടിആർഎസ്സിന്‍റെ പിന്തുണ ഒപ്പം കിട്ടിയതിൽ യുപിഎയ്ക്ക് പ്രതീക്ഷയുണ്ട്. ശിവസേന വോട്ടെടുപ്പിൽ പങ്കെടുത്ത് എതിർത്ത് വോട്ടു ചെയ്യുക കൂടി ചെയ്താൽ എണ്ണം നേടാനാകുമോ? ബലാബലത്തിൽ ഒരു തൂക്ക് പരീക്ഷണമാണ് ഇന്ന് രാജ്യസഭയിൽ നടക്കുക. 

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിങ്ങളൊഴികെയുള്ള മറ്റ് മതസ്ഥർക്ക് പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ദേശീയ പൗരത്വ നിയമഭേദഗതി ബില്ല് 2019. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് ലോക്സഭ ബില്ല് പാസ്സാക്കിയത്. 0.001% പോലും ഈ ബില്ല് ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്ന് അമിത് ഷാ പറയുമ്പോൾ, ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തിൽ ആദ്യമായി മതത്തിന്‍റെ പേരിലുള്ള വിഭജനം നടക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.