Asianet News MalayalamAsianet News Malayalam

പൗരത്വ നിയമഭേദഗതി ഇന്ന് സഭയിൽ; ചെറുക്കുമെന്ന് പ്രതിപക്ഷം, പ്രതിഷേധവുമായി മുസ്ലിം ലീഗ്

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം നല്‍കുന്നതാണ് ബിൽ. 

Citizenship Amendment Bill to be tabled in Lok Sabha on December 9
Author
Delhi, First Published Dec 9, 2019, 7:11 AM IST

ദില്ലി: പൗരത്വ നിയമഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ബില്ലിനെ ശക്തമായി ചെറുക്കുമെന്ന് കോൺഗ്രസും ഇടതുപക്ഷവും വ്യക്തമാക്കി. ബില്ലിനെതിരെ മുസ്ലിം ലീഗ് ഇന്ന് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാകും പൗരത്വ നിയമഭേദഗതി ബില്‍ അമിത് ഷാ സഭയില്‍ അവതരിപ്പിക്കുക. രണ്ടായിരത്തി പതിനാലിന് മുമ്പ് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് വന്ന അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നല്‍കും, മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാർത്ഥികൾക്കാവും പൗരത്വം, ഇന്ത്യയിലെത്തുന്ന അഭയാർത്ഥികൾ പൗരത്വം നേടാൻ കുറഞ്ഞത് 11 കൊല്ലം ഇവിടെ താമസിച്ചിരിക്കണം എന്നത് അഞ്ച് വർഷമായി കുറയ്ക്കും എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ. 

അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രത്യേക അവകാശമുള്ള മേഖലകളിൽ നിയമം ബാധകമാവില്ല. പ്രവാസികളുടെ ഒസിഐ കാർഡ് ചട്ടലംഘനമുണ്ടായാൽ റദ്ദാക്കാം എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. മതത്തിന്‍റെ പേരിൽ ജനങ്ങളെ തരംതിരിക്കുന്ന ബില്ലെന്ന് സോണിയാ ഗാന്ധിയുടെ വസതിയിൽ ഇന്നലെ നടന്ന യോഗം വിലിയിരുത്തി. ഇടതുപക്ഷവും ബില്ലിനെ എതിർക്കും.

ബില്ലിനെതിരെ മുസ്ലിം ലീഗിന്‍റെ നാല് എംപിമാർ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ രാവിലെ പ്രതിഷേധിക്കും. ഹൈദരാബാദിലും അസമിലും ബില്ലിനെതിരെ ഇന്നലെ പ്രതിഷേധം നടന്നു. ബില്ല് ലോക്സഭയിൽ പാസ്സാകും. രാജ്യസഭയിൽ 102 പേരുടെ പിന്തുണ എൻഡിഎക്കുണ്ട്. അണ്ണാ ഡിഎംകെ, ബിജു ജനതാദൾ എന്നിവരുടെ നിലപാട് പ്രധാനമാകും.

Follow Us:
Download App:
  • android
  • ios