1 മണിക്കൂർ 26 മിനിറ്റ് നീണ്ടുനിന്ന ബജറ്റ് അവതരണം ധനമന്ത്രി നിർമ്മല സീതാരാമൻ പൂർത്തിയാക്കുമ്പോൾ കേരളത്തിന് നിരാശയാണ് ബാക്കിയായത്
ദില്ലി: 1 മണിക്കൂർ 26 മിനിറ്റ് നീണ്ടുനിന്ന ബജറ്റ് അവതരണം ധനമന്ത്രി നിർമ്മല സീതാരാമൻ പൂർത്തിയാക്കുമ്പോൾ കേരളത്തിന് നിരാശയാണ് ബാക്കിയായത്. എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. വേഗ റെയില്‍ ഇടനാഴിയിലും കേരളത്തെ പരിഗണിച്ചില്ല. മുംബൈ - പൂനെ, പൂനെ - ഹൈദരാബാദ്, ഹൈദരാബാദ് - ബെംഗളൂരു, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ - ബെംഗളൂരു, ദില്ലി - വാരാണസി, വാരാണസി - സിലിഗുരി എന്നീ അതിവേഗ റെയില്‍വേ ഇടനാഴി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിനെ തഴയുകയായിരുന്നു. അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാൽ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ല.പ്രഖ്യാപനത്തിനിടെ കേരളം...കേരളം എന്ന് എംപിമാർ വിളിച്ചു പറഞ്ഞിരുന്നു.
ബജറ്റിന്‍റെ തുടക്കത്തിൽ കേരളത്തിനായി പ്രഖ്യാപനമുണ്ടായി. കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചത്. കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. വിഴിഞ്ഞം — ചവറ റെയർ എർത്ത് കോറിഡോർ പദ്ധതി കഴിഞ്ഞ ദിവസം കെ എൻ ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റിലും പ്രഖ്യാപിച്ചതാണ്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷൻ്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.


