ദില്ലി: അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ അഭയാർത്ഥികൾക്ക് പൗരത്വം നല്‍കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബില്ലിന് എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കിയെന്ന് ബിജെപി വ്യക്തമാക്കി. ഇതിനിടെ ബാലറ്റു പേപ്പറിലേക്ക് മടങ്ങണമെന്ന ചർച്ചയ്ക്ക് പ്രതിപക്ഷം രാജ്യസഭയിൽ നോട്ടീസ് നല്‍കി.

പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലീങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം നല്കാനുള്ള ബില്ല് മാറ്റങ്ങളോടെയാവും കേന്ദ്രസർക്കാർ അവതരിപ്പിക്കുക. ബില്ലിനെ പ്രതിപക്ഷം എതിർക്കുമ്പോൾ എൻഡിഎ സഖ്യകക്ഷികളായ ജെഡിയു, അകാലിദൾ, അസം ഗണപരിഷത്ത് എന്നിവയുടെ പിന്തുണ ബിജെപി ഉറപ്പാക്കി. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വം നേടുന്നവർക്ക് ഭൂമി വാങ്ങാൻ ഉൾപ്പടെ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ആസമിലെ പ്രതിഷേധം തണുപ്പിക്കാനാണ് ശ്രമം. ബിജുജനതാദൾ, അണ്ണാ ഡിഎംഎം എന്നിവയുടെ നിലപാട് ബില്ല് പാസ്സാക്കുന്നതിൽ  പ്രധാനമാകും. ആര്‍ട്ടിക്കിള്‍ 370  റദ്ദാക്കിയതിനു ശേഷുള്ള നിർണ്ണായക നിയമനിർമ്മാണമായാണ് പൗരത്വനിയമഭേദഗതി സർക്കാർ അവതരിപ്പിക്കുന്നത്. 

അതേസമയം, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്കു പകരം ബാലറ്റു പേപ്പറിലേക്ക് മടങ്ങുക എന്ന ചർച്ച സജീവമാക്കാൻ പ്രതിപക്ഷം നീക്കം തുടങ്ങി. രാജ്യസഭയിൽ പ്രത്യേക ചർച്ച ആവശ്യപ്പെട്ട് 15 പാർട്ടികൾ നോട്ടീസ് നല്കി. സർക്കാരിനൊപ്പം നില്‍ക്കുന്ന ടിആർഎസും നോട്ടീസിൽ ഒപ്പുവച്ചു.

ലോക്സഭയിലും നിയമസഭയിലും പട്ടികജാതി പട്ടികവർഗ്ഗ സംവരണം പത്തു വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പൊതുമേഖല സ്ഥാപനങ്ങൾക്ക് ഓഹരി വില്‍പ്പനയ്ക്കൊപ്പം കടപ്പത്രമിറക്കിയും നിക്ഷേപം കണ്ടെത്താനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി.