ദില്ലി: പൗരത്വ  ഭേതഗതി ബില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പൗരത്വ ഭേദഗതി ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുകയാണെന്നും ഇത്തരമൊരു ബില്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമാണെന്നും തരൂര്‍ പറഞ്ഞു. 

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പൗരത്വ ഭേതഗതി ബില്‍ പാസാക്കാന്‍  ബി ജെ പി സര്‍ക്കാര്‍ നീക്കം തുടരവെയാണ് തരൂര്‍ വിമര്‍ശനവുമായി  രംഗത്ത് വന്നത്.  ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത് എനിക്ക് വേണ്ടിയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാന്‍ കഴിയില്ല. ഒരു തരത്തിലും അതിനെ അംഗീകരിക്കാനും കഴിയില്ല- തരൂര്‍ വ്യക്തമാക്കി.

ഹിന്ദുക്കളെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സര്‍ക്കാരിന്‍റെ ഈ തീരുമാനം  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാശാസ്ത്രത്തെ കൂടുതല്‍ അസ്വസ്ഥമാക്കും. മതമല്ല ദേശീയതയെ നിര്‍വചിക്കുന്നതെന്ന് ഗാന്ധിയും നെഹ്രുവും അംബേദ്കറും പറഞ്ഞത് നാം ഓര്‍ക്കണം.

മതമാണ് ദേശീയതയെ നിര്‍വചിക്കുന്നതെന്ന ആശയം പാകിസ്ഥാന്‍റെയാണ്. നമ്മുടെ രാജ്യം എല്ലാവരുടേതുമാണ്. എല്ലാവിഭാഗങ്ങള്‍ക്കും രാജ്യത്ത് തുല്യ അവകാശങ്ങളുണ്ടെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു.