ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനെതിരായ നടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ദില്ലിയിൽ വിളിച്ച സംയുക്ത പ്രതിപക്ഷയോഗത്തിന് തിരിച്ചടി. യോഗവുമായി സഹകരിക്കേണ്ടെന്ന് ബിഎസ്‍പിയും, തൃണമൂൽ കോൺഗ്രസും, ആം ആദ്മി പാർട്ടിയും തീരുമാനിച്ചു. പൗരത്വ നിയമഭേദഗതിയുടെ വിജ്ഞാപനം പുറത്തിറക്കി നിയമം നടപ്പാക്കാൻ ഉറച്ച് കേന്ദ്രസർക്കാർ‍ മുന്നോട്ടുപോകുമ്പോൾ പ്രതിപക്ഷനിരയിൽ വിള്ളലുണ്ടാകുന്നത് കോൺഗ്രസിന് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.

നേരത്തേ തന്നെ യോഗത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ബിഎസ്‍പി അധ്യക്ഷ മായാവതിയും പങ്കെടുക്കാൻ സാധ്യതയില്ലെന്ന് സൂചനകളുണ്ടായിരുന്നു. ആം ആദ്മി പാർട്ടിയും വിട്ടുനിന്നിരുന്നു. കോൺഗ്രസ്സുമായുള്ള ഭിന്നതയുടെ അടിസ്ഥാനത്തിൽ തന്നെയാണ് ഒരു പ്രതിനിധിയെപ്പോലും അയക്കേണ്ടതില്ലെന്നും സംയുക്ത പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സമരത്തിൽ പങ്കെടുക്കേണ്ടതില്ലെന്നും മായാവതിയും മമതയും കെജ്‍രിവാളും തീരുമാനിക്കുന്നത്.

പാര്‍ലമെന്‍റ് അനക്സിൽ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം ചേരാൻ തീരുമാനിച്ചിരുന്നത്. ശിവസേനയടക്കമുള്ള കക്ഷികളും യോഗത്തിന് എത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ ആത്മാര്‍ത്ഥമായി ഇടപെടുന്നത് കോൺഗ്രസ് മാത്രമാണെന്ന പ്രിയങ്കാ ഗാന്ധിയുടെ പ്രസ്ഥാവനയും ഇതര കക്ഷികൾ ആയുധമാക്കുകയാണ്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇതൊരു രാഷ്ട്രീയ ആയുധമാക്കുമെന്ന് മുൻകൂട്ടി കണ്ടുകൂടിയാണ്  പ്രിയങ്കയുടെ പ്രസ്ഥാവനയെന്നും ഇതിന്‍റെ കൂടി അടിസ്ഥാനത്തിനാണ് പിൻമാറ്റം എന്നാണ് വിവരം . യോഗത്തിൽ പങ്കെടുക്കണം എന്നുമാത്രമാണ് സോണിയാ ഗാന്ധി അയച്ച കത്തിൽ ഉള്ളതെന്നും മറ്റ് കാര്യങ്ങളൊന്നും കത്തിൽ പറയുന്നില്ലെന്നും വിട്ടു നിൽക്കുന്ന കക്ഷികൾ  വിശദീകരിക്കുന്നുണ്ട്. 

പൗരത്വ നിയമ ഭേദഗതി നടപ്പില്‍ വരുത്തി കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ്. പ്രതിപക്ഷത്തിലെ മറ്റ് കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി സമരം മുന്നോട്ടുകൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ശ്രമം. അതേസമയം, സംയുക്ത പ്രക്ഷോഭത്തിനില്ലെന്ന് ആദ്യം അറിയിച്ചത് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ്. പിന്നീട് ബിഎസ്‍പിയും ആം ആദ്‍മി പാര്‍ട്ടിയും രംഗത്തെത്തി. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാറിനെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് ബിജെപി വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.