ദില്ലി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറിൽ നടന്ന മെയിൻ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേർന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികൾ ഇടം നേടി. സിഎസ് ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി മലയാളികളിൽ മുന്നിലെത്തി.

ആർ ശരണ്യ 36, സഫ്‌ന നസിറുദ്ദീൻ 45, ആർ ഐശ്വര്യ 47, അരുൺ എസ് നായർ 55, പ്രിയങ്ക എസ് 68, ബി യശസ്വിനി 71, നിഥിൻ കെ ബിജു 89, എവി നന്ദന 92, പിപി അർച്ചന 99 എന്നിവരാണ് ആദ്യ നൂറിൽ ഇടംപിടിച്ച മറ്റ് മലയാളികൾ. 

പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ, പ്രതിഭ വർമ എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ. www.upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. ആകെ 829 പേരെ നിയമനങ്ങള്‍ക്കായി ഇത്തവണ ശുപാര്‍ശ ചെയ്തു. 182 പേർ റിസര്‍വ് ലിസ്റ്റിൽ ഇടം പിടിച്ചു. പരീക്ഷാര്‍ഥികള്‍ക്ക് https://www.upsc.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഫലം അറിയാനാകും.  

കൊല്ലം കുന്നിക്കോട് ഫയർ സ്റ്റേഷനിലെ ഫയർമാൻ ആശിഷ് ദാസ് 291ാം റാങ്ക് നേടി. ജനറല്‍ വിഭാഗത്തില്‍നിന്ന് 304 പേരും ഇഡബ്ല്യുഎസ് 78 പേരും, ഒ.ബി.സി വിഭാഗത്തിലെ 251 പേരും, എസ്.സി വിഭാഗത്തിലെ 129 പേരും, എസ്ടി വിഭാഗത്തിലെ 67 പേരും ലിസ്റ്റില്‍ ഇടംനേടി. വിവിധ സര്‍വീസുകളിലായി 927 ഒഴിവുകളാണ് കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഐഎഎസ് 180, ഐഎഫ്എസ് 24, ഐ.പി.എസ് 150, ഗ്രൂപ്പ് എ സര്‍വീസ് 438, ഗ്രൂപ്പ് ബി സര്‍വീസുകളില്‍ 135-ഉം ഒഴിവുകളാണുള്ളത്.