കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ചെയർമാൻ സി.ജെ. റോയിയുടെ മരണം പാര്‍ലമെന്‍റിൽ ഉന്നയിച്ച് പ്രതിപക്ഷം. സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
ദില്ലി:കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ചെയർമാൻ സി.ജെ. റോയിയുടെ മരണം പാര്‍ലമെന്‍റിൽ ഉന്നയിച്ച് പ്രതിപക്ഷം. സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷം ചൂണ്ടികാണിക്കുന്നത്. കേന്ദ്ര ഗവൺമെന്‍റ് ഏജൻസികളുടെ നീണ്ട പീഡനം, നിർബന്ധിത ചോദ്യം ചെയ്യൽ, തുടർച്ചയായ സമ്മർദ്ദം എന്നിവയെ തുടർന്ന് ബിസിനസുകാർ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകൾ ബി ജെ പി ഭരണകാലത്ത് രാജ്യത്തുടനീളം ഉണ്ടായിട്ടുണ്ടെന്നും ഹൈബി ഈഡൻ എംപി അടിയന്തര പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
കിറ്റെക്സ് ഗാർമെന്‍റസിന്‍റെ മാനേജിംഗ് ഡയറക്ടറും എറണാകുളം ആസ്ഥാനമായുള്ള ട്വന്‍റി 20 പാർട്ടിയുടെ പ്രസിഡന്‍റുമായ ആൾ എൻഡിഎയിൽ ചേർന്നിരുന്നു. ഇത്, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാനാണ് എന്ന ആക്ഷേപമുയർന്നിട്ടുണ്ട്. രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ധാരണയെ ഇത്തരം സംഭവങ്ങൾ ശക്തിപ്പെടുത്തുന്നുവെന്നും ഹൈബി ഈഡൻ എം പി തന്‍റെ അടിയന്തര പ്രമേയ നോട്ടീസിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
ഇതിനിടെ, കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. ഈ അന്വേഷണ കമ്മീഷന്റെ അധ്യക്ഷനായി ഭരണഘടനാ കോടതിയിലെ ജഡ്ജിയായി പ്രവർത്തിച്ച് പരിചയമുള്ള ഒരാളെ നിയമിക്കണം. സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കണം. റെയ്ഡ് നടക്കുന്നതിനിടെ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായെന്നും, രണ്ട് സാക്ഷികൾ വേണമെന്നുണ്ടെന്നും ഇത് പാലിച്ചിട്ടില്ലെന്നും കത്തിൽ. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന ഔദ്യോഗിക റിപ്പോർട്ടുകൾ മാത്രം പൊതുസമൂഹത്തിൽ വിശ്വാസ്യത ഉറപ്പാക്കാൻ പര്യാപ്തമല്ലെന്നും അദ്ദേഹം കത്തിലൂടെ ചൂണ്ടിക്കാട്ടി.ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകിയെന്നു കുടുംബം പറഞ്ഞിട്ടുണ്ട്. എന്നിട്ടും തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്ന് റോയ് പറഞ്ഞിരുന്നു എന്ന് കുടുംബം പറയുന്നു. ഇതു ഏറെ ഗൗരവം ഉള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



