ദില്ലിയിലെ ഔദ്യോഗിക സമരവേദികളുടെ പട്ടികയിൽ നിന്ന് ജന്തർ മന്തറിനെ പോലീസ് ഒഴിവാക്കി. ഇതിന് പകരമായി രാംലീല മൈതാൻ ഉൾപ്പെടെ മൂന്ന് പുതിയ വേദികൾ അനുവദിച്ചു. ഈ നടപടി ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് സിജെപി നേതാക്കൾ രംഗത്തെത്തി

ദില്ലി: ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ദില്ലി പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി (സി ജെ പി) രംഗത്തെത്തി. ജനങ്ങളുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും ഏകാധിപത്യ പ്രവണതയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും സി ജെ പി കൺവീനർ അഭിജീത് ദീപ്കെയും കോ-കൺവീനർ സൗരവ് ദാസും വ്യക്തമാക്കി. ആരോടും യാതൊരുവിധ മുൻകൂർ കൂടിയാലോചനകളും നടത്താതെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടതെന്ന് നേതാക്കൾ ആരോപിച്ചു. സർക്കാരിന്റെ ഇത്തരം നീക്കങ്ങൾക്കെതിരെ എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സി ജെ പി നേതാക്കൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. ജന്തർ മന്ദിറിനെ ഔദ്യോഗിക സമരവേദിയല്ലാതാക്കി മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ ജനാധിപത്യത്തെയും പൂർണ്ണമായി ഇല്ലാതാക്കുമെന്നും, സർക്കാരിന്റെ പ്രശ്നം സമരവേദിയല്ല മറിച്ച് ജനങ്ങളുടെ പ്രതിഷേധ സ്വരമാണെന്നും അഭിജീത് ദീപ്കെ അഭിപ്രായപ്പെട്ടു. ജന്തർ മന്ദിർ ഇന്ത്യയിലെ ജനങ്ങളുടെ സ്വത്താണെന്നും, ഈ ഏകപക്ഷീയമായ നടപടി അംഗീകരിക്കില്ലെന്നും സൗരവ് ദാസ് പ്രതികരിച്ചു. വരും ദിവസങ്ങളിൽ രാജ്യം മുഴുവൻ ജന്തർ മന്തറായി മാറുമെന്നും പ്രതിഷേധങ്ങൾ ശക്തമായി തുടരുമെന്നും സി ജെ പി നേതൃത്വം മുന്നറിയിപ്പ് നൽകി.

സമരം ചെയ്യാൻ ഇനി 3 പുതിയ വേദികൾ

രാജ്യ തലസ്ഥാനത്ത് നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ നിയന്ത്രിക്കാനും തടയാനും ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കമാണ് ദില്ലി പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. പതിറ്റാണ്ടുകളായി ദില്ലിയിലെ സമരകേന്ദ്രമായിരുന്ന ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ദില്ലി പോലീസ് ഒഴിവാക്കി. ജന്തർ മന്തറിന് പകരം പ്രക്ഷോഭങ്ങൾക്കായി ദില്ലിയിൽ മൂന്ന് പുതിയ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. രാംലീല മൈതാൻ, ബുരാരി ഗ്രൗണ്ട്, ഈസ്റ്റ് ഡൽഹിയിലെ സി ബി ഡി (CBD) ഗ്രൗണ്ട് എന്നിവയാണ് പുതുതായി അനുവദിച്ച സമരവേദികൾ. പ്രതിഷേധങ്ങൾ തടസ്സമില്ലാതെ നടത്താൻ ബദൽ വേദികൾ പരിഗണിക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സമിതി നൽകിയ ശുപാർശ കൂടി പരിഗണിച്ചാണ് ദില്ലി പൊലീസിന്‍റെ സുപ്രധാന തീരുമാനം. പ്രതിഷേധ വേദികൾ പുനഃക്രമീകരിച്ചുകൊണ്ട് 2022 ഏപ്രിൽ 28 ലെ മുൻ ഉത്തരവാണ് പോലീസ് ഇപ്പോൾ ഭാഗികമായി ഭേദഗതി ചെയ്തിരിക്കുന്നത്. പ്രധാന സർക്കാർ ഓഫീസുകളും പാർലമെന്റും സ്ഥിതി ചെയ്യുന്ന മേഖലകളിൽ നിന്നുമുള്ള ഈ വേദി മാറ്റം പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ നിശബ്ദമാക്കാനുള്ള തന്ത്രമാണെന്ന വിമർശനം ശക്തമാകാനാണ് സാധ്യത.