ദില്ലി: പൗരത്വ നിയമത്തെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവര്‍ തമ്മിലുള്ള ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ദില്ലി നഗരത്തിന്‍റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു. വീടുകളും കടകളും ആക്രമിക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആഗ്ര വഴി ദില്ലിയില്‍ എത്തിച്ചേരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കവേയാണ് സംഘര്‍ഷം വ്യാപകമായി പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തിനിടെ പൊലീസ് വെടിവെച്ചതായും പൊലീസിനെ നേരെ അക്രമികള്‍ വെടിവെച്ചതായും വാര്‍ത്തകള്‍ വരുന്നുണ്ട്.

ഗോക്കല്‍ പുരി പൊലീസ് സ്റ്റേഷനിലെ രത്തന്‍ലാല്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹാദ്ര മേഖലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായാണ് വിവരം. 

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജഫ്രാബാദ്, മൗജ്പൂര്‍ ബാബര്‍പൂര്‍ മെട്രോ സ്റ്റേഷനുകള്‍ നേരത്തെ അടച്ചിരുന്നു. ഷഹീന്‍ ബാഗ് മോഡല്‍ സമരം നടക്കുന്ന സ്ഥലമാണ് ജഫ്രാബാദ്. സമരം തുടരുന്നതിനിടെയാണ് ഉച്ചയോടെ സംഘര്‍ഷമുണ്ടായത്. മൗജ്പൂരില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. പ്രദേശത്തെ വീടുകള്‍ക്കും കടകള്‍ക്കും നേരെ കല്ലേറുണ്ടായെന്നാണ് വിവരം. ഇതുവഴിയുള്ള ഗതാഗതവും ഇതോടെ താറുമാറായി. 

ഭജന്‍പുരയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയ വാഹനങ്ങള്‍ക്ക് അക്രമികള്‍ തീകൊളുത്തിയത് ആശങ്ക പടര്‍ത്തി. വടക്കുകിഴക്കന്‍ ദില്ലിയിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് പൊലീസുകാരന് നേരെ വെടിവെപ്പുണ്ടായത്. പലവട്ടം വെടിവെപ്പുണ്ടായതായാണ് പൊലീസ് പറയുന്നത്. അഗ്നിരക്ഷാസേനയുടെ ഒരു വാഹനവും ഇതിനിടെ അക്രമികള്‍ തകര്‍ത്തു. അക്രമസാധ്യത മുന്‍നിര്‍ത്തി വടക്കുകിഴക്കന്‍ ദില്ലിയിലെ പത്ത് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

ദില്ലിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷം ആശങ്ക ജനിപ്പിക്കുന്നതാണെന്നും സമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടണമെന്നും ദില്ലി ലെഫ്നന്‍റ് ഗവര്‍ണറോടും കേന്ദ്ര അഭ്യന്തരമന്ത്രിയോടും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. അതിനിടെ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ നാല് കേസുകള്‍ എടുത്തതായി ദില്ലി പൊലീസ് അറിയിച്ചു. ജഫ്രാബദിലും വെൽകമിലും ഓരോ കേസ് വീതവും ദയാൽപൂരിൽ രണ്ട് കേസും ആണ് രജിസ്റ്റർ ചെയ്തിട്ട് ഉള്ളത്. സംഘർഷത്തിൽ ഏർപ്പെട്ടവരെ തിരിച്ചറിഞ്ഞെന്നും ഇവരെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും ജോയിന്‍റ്  കമ്മീഷണർ അലോക് കുമാർ അറിയിച്ചു.