ഫർദീൻ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, ആദിൽ പ്രകോപിതനാകുകയും കത്തി എടുത്ത് ഇരുവരെയും ആക്രമിച്ച ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു.

ന്യൂഡൽഹി: 2000 രൂപ കടം കൊടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ 23 വയസ്സുകാരൻ കുത്തേറ്റു മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫറാബാദ് പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചെ 12:10 ഓടെയാണ് സംഭവം. ആദിൽ എന്ന യുവാവാണ് സുഹൃത്തായ ഫർദീനെ കുത്തിക്കൊന്നത്. ആദിൽ നേരത്തെ കടം വാങ്ങിയ 2000 രൂപ ഫർദീൻ തിരികെ ആവശ്യപ്പെട്ടതാണ് ആദ്ദേഹത്തെ പ്രകോപിച്ചത്.

ജാഫറാബാദ് പൊലീസ് സ്റ്റേഷനിൽ പുലർച്ചെയോടെ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു കുത്തേറ്റ ഫർദീനെ പിതാവ് ജെപിസി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ എത്തിയപ്പോൾ തന്നെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിന്ന് പൊലീസിന് വിവരം കൈമാറി. പിന്നാലെ പൊലീസും സ്ഥലത്തെത്തി.

ഫർദീനും സുഹൃത്ത് ജാവേദും റോഡിൽ നിൽക്കുമ്പോൾ, ഇവരുടെ കൈയിൽ നിന്ന് നേരത്തെ 2000 രൂപ കടം വാങ്ങിയ ആദിലിനെ കണ്ടുമുട്ടുകയായിരുന്നു. ഫർദീൻ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, ആദിൽ പ്രകോപിതനാകുകയും കത്തി എടുത്ത് ഇരുവരെയും ആക്രമിച്ച ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. ആദിലിന്റെ സഹോദരൻ കാമിലും പിതാവ് ഷക്കീലും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും ആക്രമണം നടത്താൻ ആദിലിനെ പ്രേരിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു.

ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പ്രതിയെ പിടികൂടാനും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പല സ്ഥലങ്ങളിലും റെയ്ഡുകൾ നടത്തുകയും കൂടുതൽ സംഘങ്ങളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.